ഹോപ് പ്ലാന്റേഷന് മിച്ചഭൂമി പതിച്ചു നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കും

തിരുവനന്തപുരം: പീരുമേട്ടിലെ ഹോപ് പ്ലാന്റേഷന് മിച്ചഭൂമി പതിച്ചുനല്‍കാനുള്ള റവന്യൂവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലുമാണ് നടപടി. പീരുമേട്ടിലെ ഹോപ് പ്ലാന്റേഷന്‍ കമ്പനിക്ക് മിച്ചഭൂമിയെന്ന് കണ്ടെത്തിയ 750 ഏക്കറായിരുന്നു സര്‍ക്കാര്‍ കൈമാറിയത്. ഫെബ്രുവരി 20നാണ് ഭൂമി അനുവദിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂമി കേരളം പദ്ധതിയില്‍ പീരുമേട് താലൂക്കില്‍ മാത്രം അനേകം പേര്‍ ഭൂമിക്കായി നല്‍കിയ അപേക്ഷകള്‍ കുന്നുകൂടികിടക്കുമ്പോള്‍ സര്‍ക്കാരെടുത്ത നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്ത് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടിനെതിരേ ഇടുക്കി ഡിസിസി നേതൃത്വവും രംഗത്തെത്തി. അവസാന നാളുകളില്‍ യുഡിഎഫ് സര്‍ക്കാര്‍ പൊതുമുതല്‍ വിറ്റു തുലയ്ക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.
ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നെങ്കിലും ഇതിനെ ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് പോവുന്ന സാഹചര്യത്തില്‍ വിവാദമൊഴിവാക്കാനായി ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഹോപ് പ്ലാന്റേഷന് ഭൂമി നല്‍കിയാല്‍ മറ്റു പ്ലാന്റേഷനുകള്‍ക്കും സമാനമായ രീതിയില്‍ ആവശ്യമുന്നയിക്കാന്‍ കഴിയുമെന്നും എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ ബാധ്യസ്ഥരാവുമെന്നും മനസ്സിലാക്കിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ബഥേല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് പീരുമേട്ടിലെ ഹോപ് പ്ലാന്റേഷന്‍. 60 വര്‍ഷം മുമ്പ് വിറക് ആവശ്യത്തിനായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് 1303 ഏക്കര്‍ തരിശുഭൂമി ഹോപ് പ്ലാന്റേഷനു നല്‍കിയിരുന്നു. പിന്നീട് ഇതില്‍ 250 ഏക്കറോളം സര്‍ക്കാര്‍ തിരിച്ചെടുത്ത് മിച്ചഭൂമിയായി വിതരണം ചെയ്തു.
എന്നാല്‍, മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ നല്‍കിയ ബാക്കി ഭൂമിയില്‍ ഹോപ് പ്ലാന്റേഷന്‍ തേയിലയും ഏലവും കൃഷിചെയ്ത് കമ്പനിയുടെ ഭാഗമാക്കി. ഇതേക്കുറിച്ചു പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 1976ല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയാരംഭിച്ചു. ഇതിനെതിരേ ഹോപ് കമ്പനിയും സര്‍ക്കാരുമായുള്ള കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 2014 ആഗസ്തില്‍ ഭൂമി ഏറ്റെടുക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഇതിനിടെയാണ് കമ്പനിയുടെ അപേക്ഷ പരിഗണിച്ച് ഭൂമി അനുവദിച്ച് ഉത്തരവിറങ്ങിയത്. മെത്രാന്‍ കായല്‍, കടമക്കുടി പാടം നികത്തല്‍, വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമിദാനം തുടങ്ങിയ ഉത്തരവുകള്‍ വിവാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നേരത്തേ പിന്‍വലിച്ചിരുന്നു.
Next Story

RELATED STORIES

Share it