Flash News

ഹോപ്മാന്‍ കപ്പ് ടെന്നിസ്: ഫെഡറര്‍ സഖ്യത്തിന് കിരീടം

ഹോപ്മാന്‍ കപ്പ് ടെന്നിസ്: ഫെഡറര്‍ സഖ്യത്തിന് കിരീടം
X


കാന്‍ബറ: ഈ വര്‍ഷത്തെ ആദ്യ കിരീടവുമായി  ഇതിഹാസ ടെന്നിസ് താരങ്ങളിലൊരാളായ ലോക രണ്ടാം നമ്പര്‍ പുരുഷ താരം റോജര്‍ ഫെഡറര്‍. ഹോപ്മാന്‍ കപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് രാജ്യത്തിന് വേണ്ടി മല്‍സരിച്ച ബെന്‍സിച്ച്-ഫെഡറര്‍ സഖ്യം ഫൈനലില്‍ ജര്‍മനിയെ പ്രതിനിധീകരിച്ചെത്തിയ കെര്‍ബര്‍-സെറേവ്  സഖത്തെ 2-1 എന്ന മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് മൂന്നാം ഹോപ്മാന്‍ കിരീടം നേടിക്കൊടുത്തത്. ആദ്യ രണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നിര്‍ണായകമായ മിക്‌സഡ് ഡബിള്‍സില്‍ വിജയം കൊയ്താണ് ഫെഡറര്‍ സഖ്യം കിരീടത്തില്‍ മുത്തമിട്ടത്.
ആദ്യം നടന്ന പുരുഷ സിംഗിള്‍സില്‍ ലോക നാലാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സെറേവിനെ ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫെഡറര്‍ പരാജയപ്പെടുത്തി. ആദ്യ സെറ്റ് പിറകില്‍ നിന്ന ഫെഡറര്‍ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റില്‍ എതിരാളിയെ നിഷ്പ്രയാസം കീഴടക്കുകയായിരുന്നു. സ്‌കോര്‍ 7-6, 6-0,6-2. രണ്ടാം മല്‍സരമായ വനിതാ സിംഗിള്‍സില്‍ ലോക 21ാം നമ്പര്‍ ജര്‍മന്‍ താരം ആഞ്ജലിക് കെര്‍ബര്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ 74ാം നമ്പര്‍ താരമായ  ബെലിന്‍ഡ ബെന്‍സിച്ചിനെ  6-4,6-1 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തി ജര്‍മനിയെ സമനിലയിലെത്തിച്ചു. അവസാന ഇനമായ മിക്‌സഡ് ഡബിള്‍സില്‍ ബെന്‍സിച്ചുമായി കോര്‍ട്ടിലിറങ്ങിയ ഫെഡറര്‍, കെര്‍ബര്‍-സെറേവ് സഖ്യത്തെ 4-3(5-3), 4-2 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു.
2001ല്‍ അന്നത്തെ ലോക ഒന്നാം നമ്പര്‍ താരം മാര്‍ട്ടിന ഹിംഗിസുമായി ചേര്‍ന്ന് ഫെഡറര്‍ ഹോപ്മാന്‍ കിരീടം ചൂടിയിരുന്നു. ടൂര്‍ണമെന്റിലുടനീളം കളിച്ച നാല് മല്‍സരത്തിലും അപരാജിതനായാണ് ഫെഡറര്‍ കപ്പ് സ്വന്തമാക്കിയതെന്നത് സീസണിലെ ആദ്യ ഗ്രാന്‍സ്ലാമായ ആസ്‌ത്രേലിയന്‍ ഓപണിന്റെ കിരീടം ചൂടാന്‍ താന്‍ തയാറാണെന്ന് സൂചിപ്പിക്കുന്നു.
Next Story

RELATED STORIES

Share it