ഹോപ്പ് പ്ലാന്റേഷന്‍: ഉത്തരവ് പിന്‍വലിക്കണമെന്നു കോടിയേരി

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ ഹോപ്പ് പ്ലാന്റേഷന്‍ കമ്പനിക്ക് 750 ഏക്കര്‍ മിച്ചഭൂമി വിട്ടുനല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സംസ്ഥാനത്തിന്റെ പൊതുമുതല്‍ വിറ്റുതുലയ്ക്കുന്നതിനുള്ള നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അതില്‍പ്പെട്ടതാണ് ഹോപ്പ് പ്ലാന്റേഷന്‍ കമ്പനിക്ക് 750 ഏക്കര്‍ മിച്ചഭൂമി വിട്ടുകൊടുക്കുന്നതിന് റവന്യൂ വകുപ്പ് ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവ്.
60 വര്‍ഷം മുമ്പാണ് 1300 ഏക്കര്‍ ഭൂമി ഹോപ്പ് പ്ലാന്റേഷന് പാട്ടവ്യവസ്ഥയില്‍ നല്‍കിയത്. കമ്പനി സ്ഥലം ദുരുപയോഗം ചെയ്തതിനെത്തുടര്‍ന്ന് 1976ല്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരേ തോട്ടം ഉടമകള്‍ കോടതിയെ സമീപിച്ചെങ്കിലും മിച്ചഭൂമിയായി കണക്കാക്കി സുപ്രിംകോടതി 1998ല്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
2004ലും 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കി എങ്കിലും കമ്പനി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. 2014 ആഗസ്ത് 22ന് ഹൈക്കോടതി കേസ് തീര്‍പ്പാക്കി ആറുമാസത്തിനകം വ്യക്തമായ കാരണം കാണിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ കോടതി ഉത്തരവ് ഒന്നരവര്‍ഷക്കാലം നടപ്പാക്കുന്നതിന് റവന്യൂ മന്ത്രിയായ അടൂര്‍ പ്രകാശ് തയ്യാറായില്ല. ഇപ്പോള്‍, ഈ ഉത്തരവിനെ കാറ്റില്‍പ്പറത്തി 750 ഏക്കര്‍ ഭൂമി ഹോപ്പ് പ്ലാന്റേഷന് വിട്ടുകൊടുക്കുക എന്ന വിചിത്രമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അവസാന നാളുകളില്‍ അഴിമതി ലക്ഷ്യംവച്ചുകൊണ്ട് നാടിന്റെ സമ്പത്ത് സ്വകാര്യവ്യക്തികള്‍ക്കു വിട്ടുകൊടുക്കാന്‍ എടുത്ത തീരുമാനങ്ങളുടെ പരമ്പരയില്‍ അവസാനമായി പുറത്തുവന്ന ഒന്നാണിത്. ഹോപ്പ് പ്ലാന്റേഷന് സര്‍ക്കാര്‍ഭൂമി വിട്ടുകൊടുത്ത നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it