Pathanamthitta local

ഹോട്ടല്‍ പാചകത്തിന് കശുവണ്ടിതോട് ഉപയോഗം; അടൂരില്‍ പരിസര മലിനീകരണം വ്യാപകമാവുന്നു

അടൂര്‍: നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിക്കുന്ന വിറകിനൊപ്പം കശുവണ്ടിത്തോട് ഉപയോഗിക്കുന്നത് വായൂ മലിനീകരണത്തിനും പരിസരമലിനീകരണത്തിനും കാരണമാവുന്നു. അന്തരീക്ഷ വായുവില്‍ കാര്‍ബണിന്റെ അംശം കൂടുകയും രൂക്ഷഗന്ധം അനുഭവപ്പെടുകയും ഇത് ശ്വസിക്കുന്നവര്‍ക്ക് കടുത്ത ചുമയും ശ്വാസം മുട്ടലും ഉണ്ടാവുകയും ചെയ്യുന്നു. ഫാക്ടറികളില്‍ വറുത്തെടുക്കുന്ന കശുവണ്ടി പരിപ്പ് മാറ്റിക്കളഞ്ഞശേഷം തൊണ്ടുമാത്രം ചാക്കുകളിലാക്കി ശേഖരിച്ച് വയ്ക്കുന്നത് വിലകൊടുത്ത് വാങ്ങിയാണ് ഹോട്ടലുകാര്‍ ഉപയോഗിക്കുന്നത്. കശുവണ്ടിത്തോട് വീണ്ടും കത്തിക്കുന്നത് മൂലം വായുവില്‍ കാര്‍ബണിന്റെ അംശം കൂടുകയും ഇത് ശ്വാസനാളങ്ങളില്‍ അടിഞ്ഞ് മാരകരോഗങ്ങള്‍ക്ക് കാരണമാവുന്നു. കശുവണ്ടിത്തോട് പുകയ്ക്കുമ്പോഴുണ്ടാവുന്ന കറ കലര്‍ന്ന ഗന്ധം ശ്വസിക്കുന്നത് ശ്വാസകോശത്തില്‍ കറയുടെ അംശം അടിഞ്ഞ് കൂടാന്‍ കാരണമാവുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും അളവ് തൂക്കം പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊതുജനാരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന കശുവണ്ടിത്തോട് പുകയ്ക്കലിന് എതിരേ നടപടി എടുക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നില്ല.
Next Story

RELATED STORIES

Share it