Kottayam Local

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

കോട്ടയം: നഗരസഭാ ആരോഗ്യ വിഭാഗം തിരുവാതുക്കല്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ബേക്കറികള്‍, കള്ള് ഷാപ്പ്, ഹോട്ടല്‍, എന്നിങ്ങനെ 10ഓളം സ്ഥലങ്ങളിലായിരുന്നു പരിശോധന. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ജോസഫിന്റെ നിര്‍ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തങ്കമ്മ ടി എ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വപ്‌ന ബി നായര്‍, സുനില്‍ പി, നെജീമ  ടി എന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ആഴ്ചകള്‍ പഴക്കം വരുന്ന ബീഫ്, മീന്‍, ചിക്കന്‍, പൂപ്പല്‍ പിടിച്ച തോരന്‍, പഴകിയ കേക്ക്, പൊറോട്ട, മാസങ്ങള്‍ പഴക്കം വരുന്ന എണ്ണ എന്നിവയാണു പിടിച്ചെടുത്തത്. ഈ സ്ഥലങ്ങളില്‍ പഴകിയ ഭക്ഷണം വിളമ്പുന്നെന്ന് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഈ സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ചുമത്തി. തുടര്‍ന്നും മോശം ഭക്ഷണം വിളമ്പിയാല്‍ പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
Next Story

RELATED STORIES

Share it