Flash News

ഹോക്കി വേള്‍ഡ് ലീഗ് : ഇന്ത്യക്ക് മൂന്നാം ജയം



ലണ്ടന്‍: ലണ്ടനിലെ ദി ഓവല്‍ ക്രിക്കറ്റ് മൈതാനിയില്‍ പാകിസ്താന് മുന്നില്‍ ഇന്ത്യന്‍ ആരാധകര്‍ പതറി നില്‍ക്കുമ്പോള്‍ ഏതാനും മൈലുകള്‍ക്കിപ്പുറത്ത് ഇന്ത്യന്‍ ഹോക്കി ടീം പാകിസ്താനെ അടിച്ചോടിക്കുകയായിരുന്നു. ഹോക്കി വേള്‍ഡ് ലീഗ്് സെമി ഫൈനല്‍ റൗണ്ടില്‍ ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ മലര്‍ത്തിയടിച്ചത്. ഇന്ത്യ മൂന്നാം തുടര്‍ ജയം സ്വന്തമാക്കിയപ്പോള്‍ സ്റ്റിക്കെടുത്ത മല്‍സരങ്ങളിലെല്ലാം തോല്‍വി കാണാനായിരുന്നു പാകിസ്താന്റെ വിധി. സ്‌കോട്ട്‌ലന്‍ഡിനേയും കാനഡയേയും തോല്‍പിച്ചാണ് ഇന്ത്യ പാകിസ്താനെതിരേ മല്‍സരിക്കാനിറങ്ങിയത്. നെതര്‍ലന്‍ഡ്‌സിനോടും കാനഡയോടും തോറ്റാണ് പാകിസ്താന്‍ ഇന്ത്യക്ക് മുന്നിലെത്തിയത്. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷം ഹര്‍മന്‍പ്രീത് സിംഗിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ തല്‍വീന്ദര്‍ സിങിന്റെ ഇരട്ടഗോളുകള്‍(21, 24 മിനിറ്റുകള്‍) ഇന്ത്യന്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഹര്‍മന്‍പ്രീത് 33ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ലീഡ് നാലായി. ആകാശ്ദീപ് സിങ്, പ്രദീപ് മോര്‍ എന്നിവര്‍ ഓരോ ഗോള്‍ കൂടി നേടി ഇന്ത്യയുടെ പട്ടിക ആറിലെത്തിച്ചപ്പോള്‍ പാകിസ്താന്‍ ഗോള്‍ വരള്‍ച്ച നേടിയെടുത്തു. 57ാം മിനിറ്റില്‍ ഉമര്‍ മുഹമ്മദ് ബുട്ട പാകിസ്താന് ആശ്വാസ ഗോള്‍ സമ്മാനിച്ചെങ്കിലും 59ാം മിനിറ്റില്‍ ആകാശ്ദീപ് ഇന്ത്യയുടെ ലീഡ് ആറിലെത്തിച്ച് ജയം ഒപ്പം കൂട്ടി. പാകിസ്താന്‍ ഇതുവരെ ടൂര്‍ണമെന്റിലെ മൂന്ന് മല്‍സരങ്ങളിലും കൂടി 17 ഗോളുകളാണ് വഴങ്ങിയത്. ഗ്രൂപ്പ് ബി ചാംപ്യന്‍ഷിപ്പ് ഉറപ്പാക്കിയ ഇന്ത്യ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേരത്തെ ഉറപ്പിച്ചതാണ്. നെതര്‍ലന്‍ഡ്‌സുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
Next Story

RELATED STORIES

Share it