ernakulam local

ഹോംസ്‌റ്റേ സംരംഭകര്‍ രംഗം വിടുന്നു ; നിയമങ്ങളിലെ നൂലാമാലകള്‍ പ്രശ്‌നം



മട്ടാഞ്ചേരി: സംസ്ഥാനത്ത് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേ സംരംഭകരില്‍ പലരും രംഗം വിടുന്നു. ഹോംസ്‌റ്റേ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ളതെങ്കിലും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലമുണ്ടാകുന്ന പ്രതിസന്ധികളാണ് സംരംഭകരെ വലക്കുന്നത്. 2000 മുതലാണ് ഒരു സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ ഹോംസ്‌റ്റേകള്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്.വിനോദ സഞ്ചാരികള്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ കുറഞ്ഞ ചിലവില്‍ കഴിയാമെന്നതാണ് ഹോംസ്‌റ്റേയെന്ന ആശയം ഉടലെടുക്കാന്‍ ഇടയാക്കിയത്.കുടുംബമായി കഴിയുന്നവര്‍ക്ക് വീടിനോട് ചേര്‍ന്ന് തന്നെ ഒന്നോ രണ്ടോ മുറി വാടകയ്ക്ക് നല്‍കാമെന്നായിരുന്നു തീരുമാനം. ഇതിനായി ഗോള്‍ഡന്‍, പഌറ്റിനം, സില്‍വര്‍ എന്നിങ്ങനെ ടൂറിസം വകുപ്പ് ക്ലാസിഫിക്കേഷനും നല്‍കി. എന്നാല്‍ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകളെ വിവിധ രൂപത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പിഴിയാന്‍ തുടങ്ങിയതോടെയാണ് സംരംഭകര്‍ പിന്നോക്കം പോകാന്‍ ഇടയാക്കിയത്. ടൂറിസം വകുപ്പിന്റെ ലൈസന്‍സിന് പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സും വേണമെന്ന നിബന്ധന കൊണ്ട് വന്നു.ഹോംസ്‌റ്റേയാക്കിയെന്ന കാരണത്താല്‍ നിലവില്‍ വീടിന് നല്‍കേണ്ട പത്തിരട്ടി നികുതി അധികമായി നല്‍കേണ്ടി വന്നു.വാട്ടര്‍ അതോറിറ്റി വാണിജ്യ നിരക്കിലുള്ള തുകയാണ് ഹോംസ്‌റ്റേ സംരംഭകരില്‍ നിന്ന് ഈടാക്കുന്നത്. ഹോംസ്‌റ്റേകളില്‍ വീട്ടുകാര്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നിരിക്കെ തൊഴില്‍ വകുപ്പിന്റെ വക പീഡനവും ഏല്‍ക്കേണ്ടി വരുന്നുണ്ട്.ഹോംസ്‌റ്റേ സംരംഭത്തിന് തൊഴില്‍ വകുപ്പ് വ്യക്തമായ നിര്‍വചനം നല്‍കാത്തതാണിതിന് കാരണം.അനധികൃത ഹോംസ്‌റ്റേകള്‍ക്കെതിരെ നടപടിയെടുക്കാത്തതും അംഗീകാരമുള്ള സംരംഭകരെ വലക്കുകയാണ്.അനധികൃത ഹോംസ്‌റ്റേകള്‍ സര്‍ക്കാരിന് യാതൊരു വരുമാനവും നല്‍കാതെ പണം സമ്പാദിക്കുമ്പോള്‍ അംഗീകാരമുള്ളവര്‍ പീഡനം ഏറ്റ് വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. അനധികൃത ഹോംസ്‌റ്റേകള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് പെട്ടെന്ന് കഴിയുമെങ്കിലും നടപടിയെടുക്കാന്‍ മടി കാണിക്കുകയാണെന്നാണ് ആക്ഷേപം. ഹോംസ്‌റ്റേ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകീകരണം വേണമെന്ന് കേരള ഹാറ്റ്‌സ് ഡയറക്ടര്‍ എം പി ശിവദത്തന്‍ പറഞ്ഞു.ഹോംസ്‌റ്റേയെന്നാല്‍ നമ്മുടെ സംസ്‌ക്കാരവും പാരമ്പര്യ കലാരൂപങ്ങളും പരിസ്ഥിതിയുമൊക്കെ വിദേശ വിനോദ സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നയൊന്നാണ്.രണ്ടായിരം മുതല്‍ ഇന്ന് വരെ ഹോംസ്‌റ്റേ തുടങ്ങുന്നതിനായി പതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ നിയമത്തിന്റെ കുരുക്കില്‍ പെട്ട് പഴയ സംരംഭകര്‍ രംഗം വിടുന്ന സാഹചര്യമാണുള്ളതെന്നും ഹോംസ്‌റ്റേകളെ പ്രോല്‍സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്ന വകുപ്പ് മന്ത്രി ഇക്കാര്യം അനുഭാവപൂര്‍ണം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം പി ശിവദത്തന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it