ernakulam local

ഹോംസ്‌റ്റേകള്‍ക്കെതിരേ കര്‍ശന നടപടി

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി സബ് ഡിവിഷനില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ അടച്ചുപൂട്ടിക്കാന്‍ സബ് കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
ഫോര്‍ട്ട്‌കൊച്ചി ഹോംസ്‌റ്റേ പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. നിലവിലുള്ള ഹോംസ്‌റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നേടാന്‍ ഒരു മാസം സമയം അനുവദിക്കും. ഇതു സംബന്ധിച്ച ഏറ്റവും പുതിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് ക്ലാസിഫിക്കേഷനായി ശുപാര്‍ശ ചെയ്യില്ല.
ക്ലാസിഫിക്കേഷനില്ലാത്തവരെ ഹോംസ്‌റ്റേ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.
ഹോംസ്‌റ്റേകളുടെ നടത്തിപ്പുകാര്‍ കുടുംബത്തോടൊപ്പം അവിടെ താമസക്കാരായിരിക്കണം. മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കിയിരിക്കുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് ഹോംസ്‌റ്റേ ക്ലാസിഫിക്കേഷന്‍ നല്‍കില്ല. ക്ലാസിഫിക്കേഷനായി ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ഫെബ്രുവരി രണ്ടാംവാരത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. ഹോംസ്‌റ്റേകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്നും സബ് കലക്ടര്‍ പറഞ്ഞു. പോലിസിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും അനുമതി ഹോംസ്‌റ്റേ നടത്തിപ്പിന് നിര്‍ബന്ധമാണ്. ആറു മുറികളില്‍ കൂടുതല്‍ ഹോംസ്‌റ്റേയായി പരിഗണിക്കില്ല. ഇവ ലോഡ്ജിന്റെ ഗണത്തില്‍ പെടും.
ക്ലാസിഫിക്കേഷനില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ഹോംസ്‌റ്റേ ബോര്‍ഡുകള്‍ ഉടനെ നീക്കം ചെയ്യണമെന്നും സബ് കലക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ 68 ഹോംസ്‌റ്റേകള്‍ക്കാണ് ഫോര്‍ട്ടുകൊച്ചിയില്‍ ക്ലാസിഫിക്കേഷനുള്ളത്. 18 ഹോംസ്‌റ്റേകളെ ക്ലാസിഫിക്കേഷനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
24 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാവാനുണ്ട്. ഹോംസ്‌റ്റേ ഉടമസ്ഥര്‍ക്കായി പ്രത്യേക ഓറിയന്റേഷന്‍ പ്രോഗ്രാം നടത്താനും യോഗം തീരുമാനിച്ചു. അംഗീകൃത ഹോംസ്‌റ്റേകളുടെ പട്ടിക പോലിസിന് കൈമാറും.
അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ജി വേണു, കൗണ്‍സിലര്‍ ഷൈനി മാത്യു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍, ഡിടിപിസി ജനറല്‍ മാനേജര്‍ വിജയകുമാര്‍, ഹാറ്റ്‌സ് സെക്രട്ടറി എം പി ശിവദത്തന്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it