Alappuzha local

ഹോംകോയിലെ വാഹനം എക്‌സൈസ് തടഞ്ഞുവച്ചതില്‍ ദുരൂഹത: എ എ ഷുക്കൂര്‍

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഹോംകോയില്‍ നിന്ന് സ്പിരിറ്റ് കലര്‍ന്ന മരുന്നുകള്‍ പ്രത്യേക ലൈസന്‍സോടുകൂടി അന്യസംസ്ഥാനത്ത് ഹോംകോയുടെ വാഹനത്തില്‍ വിതരണത്തിന് കൊണ്ടു പോകാറുണ്ട്.
ഇങ്ങനെ വിതരണം കഴിഞ്ഞ് തിരിച്ചെത്തുന്ന വാഹനത്തില്‍ സ്ഥിരമായി മാഹിയില്‍ നിന്നും മദ്യക്കടത്ത് നടത്തുന്നു എന്ന് പുറത്തു വന്ന വാര്‍ത്ത അത്യന്തം ഗൗരവത്തോടെ കണ്ട് ആരോഗ്യവകുപ്പ് മന്ത്രി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹോംകോ എംപ്ലോയീസ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി പ്രസിഡന്റ് എഎ ഷുക്കൂര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വാഹനം കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടാത്ത സാഹചര്യം മുതലെടുത്താണ് മദ്യം കടത്തി വരുന്നത്.
മാഹിയില്‍ നിന്നും ഹോംകോയുടെ വാഹനത്തില്‍ മദ്യം കടത്തിക്കൊണ്ടു വരുന്നു എന്ന വ്യക്തമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം കാട്ടൂരില്‍ എക്‌സൈസ് സംഘം പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത വാഹനം 13 മണിക്കൂറിന് ശേഷമാണ് എക്‌സൈസ് സംഘം വിട്ടു നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല എന്നാണ് വിശദീകരണം. എക്‌സൈസ് സംഘത്തിന്റെ ഈ നടപടി ദുരൂഹത ഉളവാക്കുന്നു.
ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന വാഹനം തടഞ്ഞിട്ട 13 മണിക്കൂറിനുള്ളില്‍ കേസ് തേച്ചു മായ്ച്ചു കളയുവാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥതലത്തില്‍  അവിശുദ്ധ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. ഹൈവേയിലൂടെ ഹോംകോയിലെത്തേണ്ട വാഹനം ജില്ലയുടെ തീരദേശ റോഡിലൂടെ വന്നതിലും സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു.
ഡ്രൈവര്‍ സ്ഥിരമായി മദ്യം കടത്താറുണ്ടായിരുന്നു എന്നും എക്‌സൈസ് പറയുന്നതിലെ ദുരൂഹത നീക്കി സത്യാവസ്ഥ പുറത്തു കൊണ്ടുവരുവാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷുക്കൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it