kasaragod local

ഹൊസ്ദുര്‍ഗ് താലൂക്കില്‍ കുടിവെള്ളം വിതരണം ചെയ്യും

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ത ാലൂക്കിന്റെ പരിധിയില്‍ കുടിവെള്ളം ഇപ്പോള്‍ വിതരണം ചെയ്യുന്നതിനുപുറമേ മറ്റ് സ്ഥലങ്ങളില്‍ ആവശ്യമാണെങ്കില്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയും വില്ലേജ് ഓഫിസറും സംയുക്ത പരിശോധന നടത്തി ബോധ്യപ്പെട്ട് വിതരണം ആരംഭിക്കും. കുടിവെള്ളവിതരണം നടത്തുന്നത് സംബന്ധിച്ച് സബ്കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ എഡിഎം വി പി മുരളീധരന്‍, തഹസില്‍ദാര്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍, മുനിസിപ്പല്‍-പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍മാര്‍ സംബന്ധിച്ചു.
നഗര-ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലുള്ള കുടിവെള്ള സ്രോതസ്സുകള്‍ കണ്ടെത്തി ജലവിഭവ വകുപ്പിനെ അറിയിക്കും. ജലവിഭവ വകുപ്പ് ജീവനക്കാര്‍ അതാത് നഗരസഭ-പഞ്ചായത്ത് കേന്ദ്രീകരിച്ച് വെള്ളം ശേഖരിച്ച് പരിശോധിക്കുകയും രണ്ട് ദിവസത്തിനകം ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം കുടിവെള്ളം വിതരണം ചെയ്യും. കേരള സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ജലവിതരണത്തിനും അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി ഗ്രാമപ്പഞ്ചായത്തുകളുടെ പ്ലാന്‍ തനത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വരെയും നഗരസഭകളുടെ പ്ലാന്‍ തനത് ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വരെയും വിനിയോഗിക്കും. കുടിവെള്ള വിതരണം നേട്ടമായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അവകാശപ്പെടാന്‍ പാടില്ലെന്ന് തീരുമാനിച്ചു.
പൊതുയോഗങ്ങളിലോ മാധ്യമങ്ങളിലോ സംസാരിക്കുമ്പോള്‍ രാഷട്രീയ നേതാക്കള്‍ ഈ പ്രവൃത്തിയെ പരാമര്‍ശിക്കാന്‍ പാടുള്ളതല്ലെന്നും യോഗം തീരുമാനിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ കുടിവെള്ളം വിതരണം ചെയ്യും. കുടിവെള്ളം വിതരണം ചെയ്യുന്ന രജിസ്റ്ററില്‍ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും വില്ലേജ് ഓഫിസറും ഒപ്പ് വച്ച് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മഴ വരുന്നതു വരെ മുഴുവന്‍ വകുപ്പുകളും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് എഡിഎം അറിയിച്ചു.
Next Story

RELATED STORIES

Share it