palakkad local

ഹൈവേയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം നീക്കുന്നതിനെതിരേ പ്രതിഷേധം

പാലാ: കെഎസ്ടിപിയുടെ മൂവാറ്റുപുഴ- പുനലൂര്‍ ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലാ പൊന്‍കുന്നം റോഡില്‍, കടയം- തെങ്ങുംതോട്ടം റോഡിനെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം നാട്ടുകാര്‍ക്ക് നഷ്ടമാവുന്നു. പാലാ-പൊന്‍കുന്നം ഹൈവേ വികസനത്തിന്റെ ഭാഗമായാണ് മീനച്ചില്‍ തോടിന് കുറുകെയുള്ള ചെറുവാഹനങ്ങള്‍ ഉപയോഗിക്കുന്ന നടപ്പാലം പൊളിച്ചു നീക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പശ്ചിമഘട്ട വികസനപദ്ധതിയില്‍പെടുത്തി ഗുണഭോക്താക്കളുടെ സഹകരണത്തോടെ 1990 ല്‍ നിര്‍മിച്ചതും വര്‍ഷംതോറും പെയിന്റിങ് ജോലികള്‍ ചെയ്തും സംരക്ഷിച്ചുവരുന്നതുമായ പാലമാണിത്. കെഎസ്ടിപിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2002 ല്‍ പാലാ സൗത്ത് എല്‍പി സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത നാട്ടുകാരുടെ യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യങ്ങളും ഉണ്ടാവാത്ത വിധം പാലം സംരക്ഷിക്കുമെന്ന് അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നു. പിന്നീട് പുനസ്ഥാപിക്കുമെന്ന ഉറപ്പിന്മേലാണ് പാലം പൊളിച്ചു നീക്കുന്നതിനുള്ള അനുമതി നാട്ടുകാര്‍ നല്‍കിയത്. എന്നാല്‍ റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി തോട്ടിലേയ്ക്ക് അഞ്ചര മീറ്റര്‍ ഇറക്കി സംരക്ഷണഭിത്തി നിര്‍മിക്കാനാണ് കെഎസ്ടിപിയുടെ പരിപാടി.
ഫലത്തില്‍ 15 മീറ്റര്‍ വീതിയുളള തോട് 9 1/2 മീറ്റര്‍ വീതിയിലേക്ക് ചുരുങ്ങുന്ന അവസ്ഥയാണ്. തോടിന്റെ വീതി നിലനിര്‍ത്താന്‍ ആവശ്യമായ സ്ഥലം മറുകരയില്‍ കെഎസ്ടിപി ഏറ്റെടുത്തിട്ടുണ്ട്. നിലവിലുളള പാലം നഷ്ടമാവുമ്പോള്‍ പകരം വാഹനയോഗ്യമായ ഒരു പാലം നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ടിപിയുമായി ബന്ധപ്പെട്ടപ്പോള്‍ മറുകരയില്‍ റോഡില്ല എന്ന ന്യായമാണ് ആദ്യം ഉയര്‍ത്തിയത്. തുടര്‍ന്ന് കടയം-തെങ്ങുംതേട്ടം റോഡ് നാട്ടുകാരുടെ സഹകരണത്തോടെ വെട്ടിയെടുത്തു. റോഡിനായി പലരും സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. ഇതിനായി 20 ലക്ഷം മതിപ്പുവിലയുള്ള വസ്തുവരെ പഞ്ചായത്തിന് വിട്ടു കൊടുത്തവരുണ്ട്. ഇപ്പോഴും കെഎസ്ടിപി പാലം നിര്‍മിക്കില്ലെന്ന നിലപാടിലാണ്. തെങ്ങുംതോട്ടം റോഡിന്റെ 200 മീറ്റര്‍ നീളം ഇതിനോടകം പഞ്ചായത്ത് കോ ണ്‍ക്രീറ്റ് ചെയ്തു.
300 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാലമാണിത്. രണ്ട് മീറ്റര്‍ വീതിയുള്ള പാലത്തിന് വീതികൂട്ടി വലിയ വാഹനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ നിര്‍മിക്കുമെന്നും മുന്‍പ് ഉദ്യോഗസ്ഥര്‍ വാക്കു നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ അടവുനയത്തില്‍ നിലവിലുള്ള പാലം കൂടി നഷ്ടമാവുന്ന അവസ്ഥയില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
പാലം നഷ്ടമായാല്‍ കിലോമീറ്ററുകള്‍ ചുറ്റിവേണം തോടിന്റെ മറുകരയിലുള്ള റോഡിലെത്താന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പുതിയ പാലം നിര്‍മിച്ചു തരണമെന്നാവശ്യപ്പെട്ട് പാലാ എംഎല്‍എ കെ എം മാണിക്ക് നിരവധി നിവേദനങ്ങള്‍ കൊടുത്തിരുന്നു.
2014- 15 സാമ്പത്തികവര്‍ഷം പാലം നിര്‍മാണത്തിനായി 2 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയെങ്കിലും ഭരണാനുമതി കിട്ടാത്തതിനാല്‍ പാലം ഉണ്ടായില്ല. 2015- 16 വര്‍ഷത്തില്‍ 1 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ പ്ലാനും എസ്റ്റിമേറ്റും സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികള്‍ താല്പര്യമെടുക്കാത്തതിനാല്‍ ഇനിയും ഭരണാനുമതി കൊടുത്തിട്ടില്ല.
ഈ സാഹചര്യത്തില്‍ തോടിന്റെ യഥാര്‍ത്ഥ വീതി നിലനിര്‍ത്തികൊണ്ട് പുതിയപാലം നിര്‍മിക്കാതെ നിലവിലുളള പാലത്തെ ദുര്‍ബലപ്പെടുത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍ ചെയര്‍മാനായും പി രവി ജനറല്‍ കണ്‍വീനറായും സിബി ഓടയ്ക്കല്‍, ജോയിന്റ് കണ്‍വീനറായും ജഗദീഷ് വേരക്കാട്ടില്‍ ഖജാഞ്ചിയായും 101 അംഗ സംരക്ഷണസമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it