Idukki local

ഹൈറേഞ്ച് മേഖലയില്‍ വ്യാജ വൈദ്യന്‍മാര്‍ സജീവം: തിരുമ്മിയ ആള്‍ കുഴഞ്ഞുവീണു; നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു

രാജാക്കാട്: വ്യാജ വൈദ്യന്മാര്‍ ഹൈറേഞ്ച് മേഖലയില്‍ സജീവമാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ആളുകളാണ് ഇത്തരത്തില്‍ വഴിയോരങ്ങളില്‍ പച്ചമരുന്നിന്റെയും മറ്റും കച്ചവടുമായെത്തിയത്. ഇത്തരത്തില്‍ രാജാക്കാട്ടിലെത്തിയ സിദ്ധ വൈദ്യന്‍ തിരുമ്മിയ ആള്‍ നടക്കാന്‍ കഴിയാതെ കുഴഞ്ഞ് വീണു. തുടര്‍ന്ന് നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്നലെ രാവിലെ രാജാക്കാട് പഴവിടുതി റൂട്ടില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്‌ലെറ്റിന് സമീപം നാലംഗസംഘം പച്ചമരുന്നുകളും തൈലങ്ങളുമായി കച്ചവടം നടത്തുകയായിരുന്നു. 11 മണിയോടെയാണ് ലോട്ടറി കച്ചവടക്കാരനായ എല്ലക്കല്‍ സ്വദേശി മുണ്ടപ്ലാക്കല്‍ ജോസഫിന്റെ കാല്‍മുട്ടുകള്‍ വൈദ്യനെന്ന് വിളിക്കുന്ന ഗജേന്ദ്രന്‍ തൈലമിട്ട് തിരുമ്മിയത്. ഇതിന് ശേഷം പത്ത് മീറ്ററോളം നടന്ന ജോസഫ് കാലുകള്‍ കുഴഞ്ഞ് റോഡരികില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇദ്ദേഹത്തെ താങ്ങിയെടുത്ത് കടത്തിണ്ണയില്‍ ഇരുത്തി.തനിയെ എഴുന്നേറ്റ് നില്‍ക്കുവാന്‍ കഴിയാത്ത അവസ്ഥയായതോടെ നാട്ടുകാ ര്‍ ജോസഫിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ ആശുപത്രിയിലേക്കും മറ്റും മാറിയ സമയത്ത് വ്യാജ വൈദ്യ സംഘം വാഹനത്തില്‍ മരുന്നകള്‍ കയറ്റി സ്ഥലം വിട്ടു.
കാലുകള്‍ക്ക് വേദന കുറയാത്ത് ജോസഫ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ആദിവാസി പാരമ്പര്യ വൈദ്യന്മാരാണെന്ന് പറഞ്ഞാണ് ഇവര്‍ വേദനയ്ക്ക് തൈലം വിറ്റഴിക്കുന്നത്. ചെരിയ ഒരു കുപ്പി എണ്ണയ്ക്ക് ഇവര്‍ ഈടാക്കുന്നത് നൂറ്റമ്പത് രൂപയാണ്.
Next Story

RELATED STORIES

Share it