Idukki local

ഹൈറേഞ്ചില്‍ വ്യാപക കൃഷിനാശം; വൈദ്യുതി വിതരണം തകരാറില്‍

നെടുങ്കണ്ടം: രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ വ്യാപക നാശനഷ്ടങ്ങള്‍. തൂക്കുപാലം പുഷ്പകണ്ടത്തിനു സമീപമുള്ള ആര്‍സി പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് പാലം അപകടവസ്ഥയിലായി. ഇതോടെ മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ അശങ്കയിലായി. പാലത്തിനു സമീപത്തുകൂടിയുള്ള റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നതോടെ  വാഹനങ്ങള്‍ കടത്തിവിടാനാവാത്ത സ്ഥിതിയാണ്. അടിയന്തരമായി പാലം നന്നാക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഒപ്പം കല്ലാര്‍ ഡാമിലെ ജലനിരപ്പും ഉയര്‍ന്നിരിക്കുകയാണ്. കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരെത്തി ഡാമില്‍ പരിശോധനകള്‍ നടത്തി. ഇന്നലെ ഉച്ചയോടെയാണ് മേഖലയിലെ മഴ ശമിച്ചത്. പഞ്ചായത്ത് തലത്തില്‍ നടന്ന കണക്കെടുപ്പില്‍ നൂറലിധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അഞ്ച് വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് റവന്യൂ വിഭാഗത്തിന്റെ കണക്ക്. 10 ലക്ഷത്തിലധികം രൂപയുടെ കൃഷിനാശമുണ്ടായി. താലൂക്കിലെ കല്‍ക്കൂന്തല്‍ വില്ലേജിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. അഞ്ച് വീടുകള്‍ പൂര്‍ണമായും 16 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഉടുമ്പന്‍ചോല, പൂപ്പാറ, അണക്കര, ശാന്തന്‍പാറ, കാന്തിപ്പാറ വില്ലേജുകളില്‍ ഒരോ വീടുകള്‍ വീതവും പാറത്തോട് വില്ലേജില്‍ നാല് വീടുകളും ചക്കുപള്ളം വില്ലേജില്‍ രണ്ട് വീടുകളും ഭാഗികമായും തകര്‍ന്നു. മറ്റ് വില്ലേജുകളിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചുവരുന്നു. മിക്ക സ്ഥലങ്ങളിലും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഇവയുടെ കണക്കും ലഭിച്ചിട്ടില്ല. റവന്യൂ വിഭാഗം ഇന്നലെയും വിവിധ സ്ഥലങ്ങളിലെത്തി കണക്കെടുപ്പ് നടത്തി. പൊന്നങ്കാണി, പുഷ്പകണ്ടം, പാലാര്‍, കോമ്പയാര്‍ എന്നിവിടങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവുമുണ്ടായി. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ നെടുങ്കണ്ടം, തൂക്കുപാലം, മേഖലകളിലെ ഗ്രാമപ്രദേശങ്ങളെ ഇരുട്ടിലാക്കി. നെടുങ്കണ്ടം, തൂക്കൂപാലം നഗരങ്ങളില്‍ മാത്രമാണ വൈദ്യൂതിയുള്ളത്. തൂക്കൂപാലം ചോറ്റുപാറയില്‍ വൈദ്യൂതി ബന്ധം തകരാറിലായി 24 മണിക്കൂറിനുശേഷമാണ് പുനസ്ഥാപിച്ചത്. നഗരപ്രദേശങ്ങളില്‍ മാത്രം വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനാണ് കെഎസ്ഇബി അധികൃതര്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം ശക്തമാണ്.
Next Story

RELATED STORIES

Share it