Idukki local

ഹൈറേഞ്ചില്‍ റേഷന്‍ കാര്‍ഡ് തിരുത്തല്‍ വൈകുന്നു

നെടുങ്കണ്ടം: അപേക്ഷകള്‍ വര്‍ധിച്ചതോടെ ജീവനക്കാരുടെ ജോലി കൂടിയതിനാല്‍ ഹൈറേഞ്ചില്‍ റേഷന്‍ കാര്‍ഡ് തിരുത്തല്‍ നടപടി വൈകുന്നു. കാര്‍ഡില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യേണ്ടിവന്നതോടെ ഉണ്ടായ ജോലിഭാരമാണു പ്രധാന കാരണം. അപേക്ഷകരുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈന്‍ സംവിധാനവും തിരക്കിലായി. നിലവിലുള്ള റേഷന്‍ കാര്‍ഡില്‍നിന്നു പേരു വെട്ടിമാറ്റി പുതിയ കാര്‍ഡില്‍ ചേര്‍ക്കണമെങ്കിലും പഴയ കാര്‍ഡില്‍നിന്നു പേര് ഒഴിവാക്കണമെങ്കിലും കാര്‍ഡുടമയ്ക്ക് പെടാപ്പാടാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പേരു തിരുത്തി പുതിയ കാര്‍ഡിലേക്ക് പേരുചേര്‍ക്കാനെത്തിയവരാണ് വെട്ടിലായത്. ബിപിഎല്‍ കാര്‍ഡുകളില്‍ കടന്നുകൂടിയിരിക്കുന്ന അനര്‍ഹരെ കണ്ടെത്തി പുറത്താക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാലാണ് കാര്‍ഡില്‍ പേര് ഒഴിവാക്കുന്നതിനു കാലതാമസമെടുക്കുന്നതെന്നു സപ്ലൈ ഓഫിസ് അധികൃതര്‍ പറഞ്ഞു. അനര്‍ഹരെ കണ്ടെത്തി എപിഎല്‍ കാര്‍ഡിലേക്ക് മാറ്റുന്നതോടൊപ്പം എപിഎല്‍ കാര്‍ഡില്‍ കടന്നുകൂടിയ പാവപ്പെട്ടവരെ ബിപിഎല്‍ കാര്‍ഡിലേക്കു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
ഇപ്പോള്‍ നടക്കുന്ന ജോലികള്‍ പൂര്‍ണമായും ചെയ്യുന്ന സോഫ്ട്‌വെയര്‍ തിരക്കിലായതാണു കാര്‍ഡില്‍ പുതിയ പേര് ഉള്‍പ്പെടുത്തുന്നതിനും പഴയ പേര് വെട്ടിമാറ്റി പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും പ്രധാന തടസ്സം. താലൂക്ക് സപ്ലൈ ഓഫിസിലെത്തുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ നിരാശരായി മടങ്ങുകയാണ്. ഇതുവരെ റേഷന്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്കും വര്‍ഷങ്ങളായി കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടും വിവിധ കാരണങ്ങളാല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്കുമാണു നിലവില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഇത്തരം ജോലികള്‍ നടക്കുന്നതിനാലാണ് പേരു ചേര്‍ക്കലും വെട്ടിമാറ്റലും ചെയ്യാന്‍ സാധിക്കാത്തതെന്നും ഭക്ഷ്യവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.
റേഷന്‍ കടകള്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തില്‍ റേഷന്‍ കടകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഭക്ഷ്യവിതരണ വകുപ്പ് നടപടി ആരംഭിച്ചു. സംസ്ഥാന വ്യാപകമായി റേഷന്‍കടകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം. ഏപ്രില്‍ മുതല്‍ ഭക്ഷ്യവിതരണ വകുപ്പ് കംപ്യൂട്ടര്‍വല്‍ക്കരണത്തിനു മുന്നോടിയായി ക്ലാസെടുക്കും.
Next Story

RELATED STORIES

Share it