ഹൈറേഞ്ചില്‍ കള്ളനോട്ടുകള്‍ വ്യാപകമെന്നു പരാതി

സ്വന്തം പ്രതിനിധി

കുമളി: ഹൈറേഞ്ചില്‍ കള്ളനോട്ടിന്റെ പ്രചാരം വ്യാപകമാവുന്നു. അടുത്തിടെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ അഞ്ഞൂറ് രൂപാ നോട്ടിന്റെ വ്യാജ കറന്‍സികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായത്. 2015ല്‍ പുറത്തിറക്കിയ നോട്ടിനെ അനുകരിച്ചാണ് കള്ളനോട്ടും പുറത്തിറക്കിയിട്ടുള്ളത്. വ്യാജ നോട്ടുകള്‍ തടയുന്നതിന് വേണ്ടി പുതിയ നോട്ടിന്റെ നമ്പരുകളില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയവ പുറത്തിറക്കിയത്. 5 ബിജി 610948, 9 എച്ച്എച്ച് 496535 തുടങ്ങിയ സീരിസുകളിലുള്ള വ്യാജ നോട്ടുകളാണ് ഇവിടെ ലഭിച്ചത്. ഒറ്റനോട്ടത്തില്‍ ഇവ ആളുകള്‍ക്ക് തിരച്ചറിയാന്‍ കഴിയുകയില്ല. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ ഇവ വ്യാജനാണെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ. ബാങ്കിലും മറ്റും പണം അടയ്ക്കാന്‍ ചെല്ലുമ്പോഴാണ് സാധരണക്കാര്‍ ഈ നോട്ട് വ്യാജനാണെന്ന് അറിയുന്നത്. സീരിയല്‍ നമ്പരുകളിലെ അക്ഷരങ്ങള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും മറ്റുമാണ് ഇവയിലെ പ്രധാന മാറ്റങ്ങള്‍. എന്നാല്‍, ഇവയെല്ലാം പുതിയ നോട്ടുകളിലും വ്യക്തമായി അച്ചടിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ ഒപ്പ് വരെ വ്യാജ നോട്ടുകളില്‍ പതിച്ചിട്ടുണ്ട്. വ്യാജന്‍മാര്‍ പാരയാവാതിരിക്കാന്‍ നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് റിസര്‍വ് ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. നോട്ടിന്റെ സീരിയല്‍ നമ്പരുകള്‍ പതിവിന് വിപരീതമായി ഇടത്തു നിന്നു വലത്തോട്ട് ഒരോ അക്ഷരത്തിനും വ്യത്യസ്ത വലുപ്പങ്ങളാണുള്ളത്. മാത്രമല്ല നോട്ടിന്റെ ഉള്‍ഭാഗത്ത് രണ്ട് വശങ്ങളിലുമായി അഞ്ച് വരകളുമുണ്ട്. കൂടാതെ യഥാര്‍ഥ നോട്ടിലെ അച്ചടികളില്‍ സ്പര്‍ശിച്ചാല്‍ തടിപ്പ് അനുഭവപ്പെടുമെങ്കിലും വ്യാജനില്‍ ഇതില്ല. യഥാര്‍ഥ നോട്ടിലെ വാട്ടര്‍ മാര്‍ക്കിലെ ഗാന്ധിജിയുടെ ചിത്രം വ്യക്തമാണെങ്കിലും വ്യാജനില്‍ വരച്ചു ചേര്‍ത്തതു പോലെയാണ്. വ്യാജനിലുള്ളത് മാഗ്‌നറ്റിക് സംവിധാനത്തിലുള്ള ത്രെഡ്ഡല്ല. ത്രെഡ്ഡില്‍ നഖം ഉപയോഗിച്ചു ചുരണ്ടിയാല്‍ ഇത് മാഞ്ഞുപോവും. വ്യാജ നോട്ടിലെ ഗാന്ധിയുടെ ചിത്രമുള്ള ഭാഗത്ത് യഥാര്‍ഥ നോട്ടിനെ അപേക്ഷിച്ച് അല്‍പം ഇരുണ്ട നിറമാണുള്ളത്. നമ്പരുകള്‍ക്കും നിറവ്യത്യാസമുണ്ട്. ഒറിജിനലില്‍ കടും ചുവപ്പ് നിറത്തിലാണ് നമ്പരുകള്‍ അച്ചടിച്ചിട്ടുള്ളതെങ്കില്‍ വ്യാജനില്‍ ഇളം ചുവപ്പാണ്. ജില്ലയിലെ കുമളി അടക്കമുള്ള പ്രദേശങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള ചില സംഘടനകള്‍ അടുത്തിടെ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. 25 ലക്ഷത്തോളം രൂപയാണ് പരിപാടിക്ക് ചെലവായതെന്ന് സംഘാടകര്‍ പറയുന്നു. ഈ പരിപാടികളില്‍ പണം നല്‍കിയാണ് പീരുമേട്ടിലെ തോട്ടം മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള  ആളുകളെ പങ്കെടുപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു മാത്രം പത്ത് ലക്ഷത്തോളം രൂപാ സംഘാടകര്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇതിന് ശേഷമാണ് കള്ളനോട്ടുകള്‍ കുമളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപിക്കാന്‍ തുടങ്ങിയതെന്നാണ് ഇത് ലഭിച്ചവര്‍ പറയുന്നത്. കള്ളനോട്ട് വ്യാപകമായതോടെ സംഭവം സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it