Idukki local

ഹൈറേഞ്ചിലെ റോഡുകള്‍ കുളമായി

രാജാക്കാട്: കാത്തിരുന്ന വേനല്‍മഴ രണ്ട് ദിവസം ശക്തമായി പെയ്തതോടെ ഹൈറേഞ്ചിലെ റോഡുകള്‍ കുളമായി. കാലങ്ങളായി ശോചനീയാവസ്ഥയിലായി കിടക്കുന്ന പൊന്മുടി ഡാംടോപ്പ്- രാജാക്കാട് റോഡ് വെള്ളക്കെട്ടായി മാറിയപ്പോള്‍ കാല്‍നടപോലും ദുസ്സഹമായി. ദിവസേന നൂറ്കണക്കിന് വിനോദ സഞ്ചാരികളടക്കം എത്തുന്ന പ്രധാന കേന്ദ്രമായ പൊന്മുടി ഡാംടോപ്പിലേയ്ക്കുള്ള റോഡാണിത്. ടാറിങ് പൂര്‍ണമായി തകര്‍ന്ന് കുണ്ടുംകുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിന് പരിഹാരം കാണുവാന്‍ നടപടിയില്ല. റോഡ് പൂര്‍ണമായി വെള്ളക്കെട്ടായി മാറിയതോടെ കുഴി എവിടെയാണെന്ന് തിരിച്ചറിയാനും കഴിയുന്നില്ല. ഇതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമാണ്. ഇരുചക്രവാഹനങ്ങള്‍ ഓടിച്ച് പോവാന്‍ കഴിയാത്ത അവസ്ഥയിലാണ് റോഡ് കിടക്കുന്നത്. പൊന്മുടി ഡാം, എക്കോപോയിന്റ്, നാടുകാണി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നതിനും കൂടാതെ രാജാക്കാട്, കൊന്നത്തടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. ദിവസേന നൂറുകണക്കിന് യാത്രാ ബസ്സുകളും ടൂറിസ്റ്റ് വാഹനങ്ങളും കടന്നുപോവുന്ന റോഡിന്റെ ശേചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടും പരിഹാരമില്ല. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇതുവഴി സര്‍വീസ് നടത്തിയിരുന്ന യാത്രാ ബസ്സുക ള്‍ റൂട്ട് മാറ്റി കുളത്തുറകുഴി വഴി സര്‍വീസ് നടത്തുന്ന അവസ്ഥയാണ്. ഇതോടെ രണ്ട് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ യാത്ര ചെയ്യുന്നത്.
Next Story

RELATED STORIES

Share it