Idukki local

ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ നാശം വിതച്ച് കാട്ടുപന്നികള്‍; പൊറുതിമുട്ടി കര്‍ഷകര്‍

അടിമാലി: ഹൈറേഞ്ചിലെ കര്‍ഷകരെ കാട്ടുപന്നികള്‍ കണ്ണീര്‍ കുടിപ്പിക്കുകയാണ്. വിളവെടുക്കാറായ പാടശേഖരങ്ങളിലും കപ്പത്തോട്ടങ്ങളിലും കനത്തനാശം വിതയ്ക്കുകയാണിവര്‍. കൃഷിയിടങ്ങളിലെത്തുന്ന പന്നികളെ ഓടിക്കാന്‍ താത്കാലിക മാടങ്ങളൊരുക്കി കര്‍ഷകര്‍ രാത്രി ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്.
ഹൈറേഞ്ചിലെ വനങ്ങളില്‍ പെറ്റുപെരുകുകയാണ് കാട്ടുപന്നികള്‍. രാവില്‍ കൂട്ടമായി കാടിറങ്ങുന്ന ഇവയില്‍ ചിലത് അങ്ങാടികളില്‍ പോലും എത്തുന്നു. പന്നികളെ പേടിച്ച് കപ്പയും കാച്ചിലും ചേനയും ചേമ്പുമടക്കം ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് വനാതിര്‍ത്തിയിലുള്ള കര്‍ഷകര്‍. അടിമാലി പഞ്ചായത്തിലെ ഇരുന്നൂറേക്കര്‍, പഴമ്പിള്ളിച്ചാല്‍, പടിക്കപ്പ്, മച്ചിപ്ലാവ് പ്രദേശങ്ങളില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പന്നിക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് വനപാലകരില്‍ നിന്നും നടപടി വേണമെന്ന ആവശ്യം ശക്തമായി.
കൃഷിയിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ കപ്പക്കൂട്ടങ്ങള്‍ കുത്തിനിരത്തുന്ന പന്നികള്‍ കാച്ചില്‍, ചേമ്പ്, ചേന എന്നിവയുടെ വിത്തും കുഴിമാന്തി ആഹരിക്കുന്നു. ഇരുളിനു കട്ടികൂടൂന്നതോടെ വയലുകളില്‍ എത്തുന്ന പന്നികള്‍ പുലരിയോടെയാണ് മടങ്ങുന്നത്.
നെല്‍കൃഷിയെ പന്നികളില്‍ നിന്നു രക്ഷിക്കാന്‍ കര്‍ഷകര്‍ പയറ്റുന്ന പരമ്പരാഗത തന്ത്രങ്ങള്‍ ഏശുന്നില്ല.
വയലുകളില്‍ ഇടവിട്ട് നാട്ടുന്ന കോലങ്ങളും നോക്കു കുത്തികളും ഉപദ്രവകാരികളെല്ലെന്ന് തിരിച്ചറിഞ്ഞതുപോലാണ് പന്നികളുടെ വിഹാരം. കാവല്‍മാടങ്ങളിലിരുന്ന കൂക്കിവിളിച്ചും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും മനുഷ്യസാന്നിധ്യം അറിയിച്ചാലും പന്നികള്‍ക്ക് കൂസലില്ലെന്ന് കൃഷിക്കാര്‍ പറയുന്നു.
കാട്ടുപന്നിശല്യത്തെ കുറിച്ച് വനം ഓഫിസുകളിലെത്തി പരിഭവം പറഞ്ഞ് മടുത്തിരിക്കയാണ് കര്‍ഷകര്‍. പരാതികള്‍ കേട്ടും സ്വീകരിച്ചും വനപാലകരും തളര്‍ന്നു.
ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലുന്നതിനു രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 2011ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അപ്രായോഗിക വ്യവസ്ഥകളടങ്ങുന്ന ഉത്തരവ് നടപ്പായില്ല. കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി ഇറങ്ങിയപ്പോള്‍ 2014ല്‍ മറ്റൊരു ഉത്തരവും ഇറങ്ങി.കൃഷിയിടങ്ങളില്‍ പതിവായി എത്തുന്ന പന്നികളെ ലൈസന്‍സുള്ള തോക്കിനു വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കുന്നതായിരുന്നു ഉത്തരവ്.
മുലയൂട്ടുന്ന പന്നികളെ കൊല്ലരുതെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് ഇറങ്ങിയത്. മൂന്നാര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലെ റേഞ്ചോഫീസുകളില്‍ നൂറിലധികം പരാതികളാണ് കാട്ടുപന്നി ശല്യത്തെക്കുറിച്ച് ലഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it