thrissur local

ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് തടസ്സം; അധികൃതര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം

ചാവക്കാട്: കടപ്പുറം വട്ടേകാട് പള്ളിക്കടുത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് തടസ്സം നിന്ന പഞ്ചായത്ത് അധികൃതര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. ആഴ്ചകള്‍ക്ക് മുമ്പ് പഞ്ചായത്ത് സെക്രട്ടറി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ അനുമതി പിന്‍വലിക്കുകയും ചെയ്തു. ഇതോടെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിനുള്ള വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറായില്ല.
ഇതോടേയാണ് വട്ടേകാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ച സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചാല്‍ അത് തിരഞ്ഞെടുപ്പില്‍ ലീഗിന് തിരിച്ചടിയാവുമെന്ന് കണ്ടാണ് ലീഗ് നേതൃത്വം പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് അനുമതി പിന്‍വലിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഹൈമാസ്റ്റ് ലൈറ്റില്‍ റാന്തല്‍ കെട്ടിത്തൂക്കിയും കരിങ്കൊടി കെട്ടിയും റീത്ത് സമര്‍പ്പിച്ചുമായിരുന്നു പ്രതിഷേധം. ആര്‍ എച്ച് സെയ്ഫുദ്ദീന്‍, ഷാജഹാന്‍ മഞ്ഞില്‍, മുസ്തഫ, പി എം നൗഷാദ്, ഷംസുദ്ദീന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it