ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ യോഗ പ്രദര്‍ശനം

കണ്ണൂര്‍: ഗണേശോല്‍സവത്തിനും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനും പിന്നാലെ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ യോഗ പ്രദര്‍ശനം. സിപിഎം നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനതല യോഗ പ്രദര്‍ശനം കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. മാനവ ഏകതാ മിഷന്‍ ആചാര്യന്‍ ശ്രീ എം ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ യുവതീ-യുവാക്കളടങ്ങുന്ന 1200 യോഗാഭ്യാസികള്‍ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗാഭ്യാസം. ഭഗവദ് ഗീതയിലെ വാക്യങ്ങളും ക്രോധത്തെ മായ്ക്കാന്‍ ഋഷിമാര്‍ നടത്തിയ ആസനമുറകളും പ്രതിപാദിച്ചാണ് ഉദ്ഘാടകന്‍ യോഗയെ പരിചയപ്പെടുത്തിയത്. ഈശ്വരവിശ്വാസമില്ലാത്തവര്‍ക്കും യോഗ ചെയ്യാമെന്നും എന്നാല്‍ യമനിയമങ്ങള്‍ പാലിക്കണമെന്നും ശ്രീ എം പറഞ്ഞു. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവനാണ് ഏറ്റവും വലിയ യോഗി. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാത്തിടത്താണ് ക്രോധമുണ്ടാവുന്നത്. ശാസ്ത്രത്തെ ആധ്യാത്മികമായി സമീപിച്ചവരാണ് ഋഷിമാര്‍. യോഗയില്‍ മതമോ പേരോ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആറു മാസത്തിലേറെയായി പരിശീലനം നേടിയവരാണ് യോഗയില്‍ പങ്കെടുത്തത്. മത-ജാതി-രാഷ്ട്രീയ-ലിംഗ ഭേദമെന്യേ എല്ലാവര്‍ക്കും അക്കാദമിക്കു കീഴില്‍ പരിശീലനം നല്‍കുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. അക്കാദമി ചെയര്‍പേഴ്‌സന്‍ പി കെ ശ്രീമതി എംപി അധ്യക്ഷത വഹിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍, സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍ ചന്ദ്രന്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it