ഹൈദരാബാദ് സര്‍വകലാശാല വിസി അപ്പാറാവുവിനെതിരേ വിദ്യാര്‍ഥി പ്രതിഷേധം

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല(എച്ച്‌സിയു) വൈസ് ചാന്‍സലര്‍ പ്രഫ. അപ്പാറാവു പോഡിലിന്റെ ഔദ്യോഗിക വസതിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പ്രതിഷേധം അക്രമാസക്തമായി. ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ അവധിയില്‍ പ്രവേശിച്ച അപ്പാറാവു തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാനെത്തിയത്.
വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത് പ്രഖ്യാപിക്കാന്‍ അപ്പാറാവു വാര്‍ത്താസമ്മേളനം നടത്താന്‍ പോകുന്നുവെന്നറിഞ്ഞ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ ഔദ്യോഗിക വസതിക്കടുത്ത് തടിച്ചുകൂടിയിരുന്നു. വിസിക്കെതിരേ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികള്‍ ഔദ്യോഗിക വസതിയുടെ ജനാലച്ചില്ലുകള്‍, വാതിലുകള്‍, ടെലിവിഷന്‍ എന്നിവ തകര്‍ത്തു. വിസി വീണ്ടും ജോലിയില്‍ പ്രവേശിക്കരുതെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രോഹിത് വെമുലയെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നും അതിന് വിസിയും കുറ്റക്കാരനാണെന്നും അവര്‍ പറഞ്ഞു. സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും വിസിക്കെതിരേ നടപടിയെടുത്തില്ല. വിസിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ പറഞ്ഞു.
അതെസമയം, വിസിയുടെ വീട്ടില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വിദ്യാര്‍ഥികള്‍ നിഷേധിച്ചു. പ്രതിഷേധക്കാരല്ല, വിസിയുടെ സുരക്ഷയ്ക്കായി വീട്ടിനകത്തുണ്ടായിരുന്ന ഗുണ്ടകളാണ് ജനലുകളും ടെലിവിഷനും തകര്‍ത്തത്. ഇവര്‍ വിദ്യാര്‍ഥികള്‍ക്കു നേരെയും ആക്രമണം നടത്തി. ഇന്നലത്തെ പ്രതിഷേധം സമാധാനപരമായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കാംപസില്‍ ഇന്റര്‍നെറ്റ് സൗകര്യം തടഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it