ഹൈദരാബാദ് സര്‍വകലാശാലയിലെ പോലിസ് അതിക്രമം അപലപനീയമെന്ന് ആംനസ്റ്റി

മുഹമ്മദ്  സാബിത്

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ സമാധാനപരമായ രീതിയില്‍ സമരം നടത്തുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലിസ് നടപടി അപലപനീയമെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. പോലിസ് കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും എത്രയും പെട്ടെന്നു വിട്ടയക്കണമെന്നും സംഘടനയുടെ ഇന്ത്യാ ചാപ്റ്റര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവന ആവശ്യപ്പെട്ടു. പോലിസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രസ്താവന പറഞ്ഞു.സര്‍വകലാശാലയില്‍ പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അതിക്രമം ഒരുനിലയ്ക്കും ന്യായീകരിക്കാനാവില്ലെന്നും വനിതാ വിദ്യാര്‍ഥികള്‍ക്കുനേരെ പോലിസ് ലൈംഗികാതിക്രമങ്ങള്‍ നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും കുറ്റക്കാരെന്നു സംശയിക്കുന്നവര്‍ക്കെതിരേ അന്വേഷണം വേണമെന്നും ഇന്ത്യയിലെ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു.സര്‍വകലാശാല എല്ലാതരം വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്ന സ്ഥാപനമായി നിലനില്‍ക്കണമെന്ന് ആവശ്യപ്പെട്ട സംഘടന, ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ടതുകൊണ്ടോ ഈ വിഷയവുമായി ബന്ധപ്പെട്ട കാംപസിലെ രാഷ്ട്രീയ ഇടപെടലുകളില്‍ സജീവമായതുകൊണ്ടോ ഒരു വിദ്യാര്‍ഥിക്കു നേരെയും വിവേചനമുണ്ടാവരുതെന്നും അവരെ ലക്ഷ്യംവയ്ക്കരുതെന്നും സര്‍വകലാശാലയോട് ആവശ്യപ്പെട്ടു.ഭരണഘടനയിലെയും എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ലംഘിക്കുന്നതാണു കാംപസിലെ പോലിസ് നടപടിയെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി.സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവു അവധി മതിയാക്കി കാംപസില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്നാണു വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ ഗവേഷകവിദ്യാര്‍ഥിയും ദലിത് വിദ്യാര്‍ഥി നേതാവുമായ രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ കാരണക്കാരില്‍ ഒരാള്‍ വിസിയായ അപ്പറാവുവാണ് എന്നാണു വിദ്യാര്‍ഥികളുടെ ആരോപണം. പ്രതിഷേധവുമായി ബന്ധപ്പെട്ട് തെലങ്കാന പോലിസ് അറസ്റ്റ് ചെയ്ത മലയാളികളടക്കമുള്ള 27 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ഇപ്പോഴും ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
Next Story

RELATED STORIES

Share it