ഹൈദരാബാദ് സര്‍വകലാശാലയിലെ അതിക്രമംഅവസാനിപ്പിക്കണം: കേരളം

തിരുവനന്തപുരം: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ വാഴ്‌സിറ്റി അധികൃതരും പോലിസും ചേര്‍ന്നു നടത്തുന്ന അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും കത്തയച്ചു. സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും വിദ്യാര്‍ഥികളുടെ സംഘടനാസ്വാതന്ത്ര്യവും തകര്‍ക്കുന്ന നടപടികളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ടെലിഫോണില്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മലയാളി വിദ്യാര്‍ഥികളടക്കം ക്രൂരമായ ആക്രമണങ്ങള്‍ക്കു വിധേയരാവുകയാണ്. ജയിലിലുള്ളവരെ മോചിപ്പിക്കാനും   ഇടപെടല്‍ വേണമെന്ന് വിഎസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. കാംപസിനെ പോലിസ് ക്യാംപാക്കി മാറ്റി. വിദ്യാര്‍ഥികളും അധ്യാപകരും ശാരീരികമായി മാത്രമല്ല, ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.  ഇതുമൂലം രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗം തന്നെ ലോകത്തിനു മുന്നില്‍ അപഹസിക്കപ്പെടുകയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. പ്രശ്‌നത്തില്‍ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it