ഹൈദരാബാദ് സര്‍വകലാശാലയില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

ഹൈദരാബാദ്: രണ്ടാഴ്ച നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍വകലാശാലയില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ അധ്യാപകരെ ഇന്നലെ മുതല്‍ ക്ലാസെടുക്കാന്‍ അനുവദിച്ചതോടെ യുനിവേഴ്‌സിറ്റി കാംപസ് സാധാരണ നിലയിലായി. സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഉപരോധിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അതേസമയം, വൈസ് ചാന്‍സലര്‍ പി അപ്പാറാവുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവരുന്ന നിരാഹാര സമരം തുടരും. വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന പെരിയ സ്വാമിക്കു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ച സംയുക്ത സമരസമിതി 10 ദിവസത്തിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് അന്ത്യശാസനയും നല്‍കി. നാലുദിവസത്തെ അവധിക്കുശേഷം വിപിന്‍ ശ്രീവാസ്തവ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മടങ്ങി വരരുതെന്നും സമരസമിതി ആവശ്യപ്പെട്ടു. രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത സമിതിയുടെ അധ്യക്ഷനായ ശ്രീവാസ്തവ വൈസ് ചാന്‍സലര്‍ ആവുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംയുക്ത സമര സമിതിയുടെ നിലപാട്.
അപ്പാറാവു അവധിയില്‍ പ്രവേശിച്ച ജനുവരി 24 മുതലാണ് ശ്രീവാസ്തവ വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയേറ്റത്. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനും രോഹിതിന്റെ ആത്മഹത്യക്കും പിന്നില്‍ അപ്പാറാവു ആണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. അപ്പാറാവുവിനെ പുറത്താക്കണമെന്ന ആവശ്യം സര്‍വകലാശാലയുടെ അധികാര പരിധിയില്‍ പെടുന്നതല്ലെന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പെരിയസ്വാമി പറഞ്ഞിരുന്നു. മാനവ വിഭവശേഷി വികസന മന്ത്രാലയ അധികൃതര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്ന അവസരത്തില്‍ സംയുക്ത സമരസമിതിക്ക് ഈ ആവശ്യം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം നാലിന് ഡല്‍ഹിയില്‍ പ്രതിധേഷ സമരം സംഘടിപ്പിക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 17നാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിതിന്റെ മരണത്തിന് കാരണക്കാരായ വൈസ് ചാന്‍സലര്‍ അപ്പാറാവു, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം ശക്തിപ്പെട്ടത്.
Next Story

RELATED STORIES

Share it