ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; പ്രതിഷേധം കത്തുന്നു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതിവിവേചനത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്കു മുമ്പില്‍ വിവിധ സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച സര്‍വകലാശാല കാംപസിലെത്തി. സംസ്ഥാനത്തിനു പുറത്തുള്ള കാംപസുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹൈദരാബാദിലെത്തി. ടിആര്‍എസ് എംപി കല്‍വകുന്തഌകവിതയുടെ നേതൃത്വത്തില്‍ തെലങ്കാന ജാഗ്രതി യൂത്ത് ഫ്രണ്ട് എന്ന സാംസ്‌കാരികസംഘടനയാണ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ വസതിക്കു മുമ്പില്‍ പ്രകടനം നടത്തിയത്. ഇവരില്‍ 37 പേരെ പോലിസ് അറസ്റ്റ് ചെയ്തു.
കേന്ദ്രമന്ത്രി ദത്താത്രേയയെയും ബിജെപി എംഎല്‍എ രാമചന്ദ്രറാവുവിനെയും വൈസ് ചാന്‍സലര്‍ അപ്പറാവുവിനെയും രണ്ട് എബിവിപി നേതാക്കളെയും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് കാംപസിനകത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. കേന്ദ്രമന്ത്രിയുടെ രാജിയും വിസിയുടെ സസ്‌പെന്‍ഷനും രോഹിതിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.
ഡെറിക് ഒബ്രിയന്റെ നേതൃത്വത്തില്‍ രണ്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് സംഘവും കാംപസിലെത്തി. വിദ്യാര്‍ഥിയുടെ മരണത്തിന് ഉത്തരവാദിയായ വിസിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപി വി ഹനുമന്തറാവു ആവശ്യപ്പെട്ടു.
അതിനിടെ, രോഹിതിന്റെ ഓര്‍മയ്ക്കായി കാംപസില്‍ സ്മാരകമുയര്‍ത്താന്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ ശ്രമം തുടങ്ങി. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സര്‍വകലാശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സുശീല്‍കുമാര്‍ അടക്കമുള്ള എബിവിപി നേതാക്കള്‍ക്കെതിരേ കാംപസില്‍ ആക്രമണമൊന്നും നടന്നിട്ടില്ലെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സവര്‍ണജാതിയില്‍പ്പെട്ടവരുടെ ജാതിവിവേചനമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. എട്ടു വിദ്യാര്‍ഥികള്‍ കാംപസില്‍ നിരാഹാരസമരവും ആരംഭിച്ചിട്ടുണ്ട്. മുംബൈയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയെയും ബന്ദാരു ദത്താത്രേയയെയും മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it