ഹൈദരാബാദ് : വിസിയുടെ വസതിയിലേക്ക് മാര്‍ച്ച് ഡല്‍ഹിയില്‍ 60 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്/ന്യൂഡല്‍ഹി: ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ രണ്ടാം സംഘത്തിലെ ഏഴുപേരില്‍ ആറ് പേരെ പോലിസ് ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഒരു വിദ്യാര്‍ഥി കാംപസില്‍ നിരാഹാരം തുടരുന്നുണ്ട്. സമരം നടത്തിയ ആദ്യ സംഘത്തെ പോലിസ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതിനിടെ സമരം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന വിപിന്‍ ശ്രീവാസ്തവയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തി. കാംപസിന് പുറത്ത് വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ കോലം കത്തിച്ചു.
ആത്മഹത്യ ചെയ്ത രോഹിതിനും മറ്റ് നാലു ദലിത് വിദ്യാര്‍ഥികള്‍ക്കുമെതിരേ നടപടിയെടുത്ത സമിതിയുടെ അധ്യക്ഷനായിരുന്നു ശ്രീവാസ്തവ. 2008ല്‍ മറ്റൊരു ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് പിന്നിലും ശ്രീവാസ്തവയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. അതേസമയം, വൈസ്ചാന്‍സലറുടെയും ശ്രീവാസ്തവയുടെയും രാജി ആവശ്യപ്പെട്ട് ഇന്ന് നിരാഹാര സമരം തുടങ്ങുമെന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് അധ്യാപക ഫോറം അറിയിച്ചു. അധ്യാപക ഫോറത്തിലെ മിക്ക അംഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍വകലാശാലയിലെ ഭരണ പദവികള്‍ രാജിവച്ചിരുന്നു.
ഹൈദരാബാദ് സംഭവത്തി ല്‍ നീതി വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. 60 വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥികളെ തടഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ കൊലപാതകം മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റ് ഷെഹല റഷീദ് പറഞ്ഞു. ക്രാന്തികാരി യുവ സംഘടന, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുകയാണ്. ഞായറാഴ്ച മുതല്‍ ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ഥികള്‍ നിരാഹാരത്തിലാണ്.
Next Story

RELATED STORIES

Share it