ഹൈദരാബാദ് വാഴ്‌സിറ്റിയില്‍ ദലിത് പ്രഫസര്‍ രാജിവച്ചു

ഹൈദരബാദ്: ഹൈദരബാദ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായി പ്രഫ. വിപിന്‍ ശ്രീവാസ്തവയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ദലിത് പ്രഫസര്‍ ശ്രീപതി രാമുഡു രാജിവച്ചു. സര്‍വകലാശാലയില്‍ തന്റെ സമുദായത്തോട് ശത്രുത കാണിക്കുന്ന അന്തരീക്ഷമാണു നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷപാതപരമായ സമീപനം പുലര്‍ത്തുന്ന സര്‍വകലാശാല അധികൃതരില്‍ ദലിത് സമൂഹത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു. പട്ടികജാതി-വര്‍ഗ അധ്യാപക സംഘടന ഇക്കാര്യം പലതലവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പകരം പ്രഫ. വിപിന്‍ ശ്രീവാസ്തവയെ പ്രൊ. വിസിയായി നിയമിച്ച് ഉത്തരവിറക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ രാമുഡു സര്‍വകലാശാലയുടെ ഭരണകാര്യങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് ശ്രീവാസ്തവ കുറ്റപ്പെടുത്തി. രാമുഡു ഒപ്പിടേണ്ട വിദ്യാര്‍ഥികളുടെ രേഖകള്‍ താനാണ് ശരിയാക്കിക്കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത രോഹിത് വെമുലയടക്കമുള്ള അഞ്ച് ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്ത സമിതിയുടെ തലവനായിരുന്നു ശ്രീവാസ്തവ. ഈ മാസം ഏഴിനാണ് അദ്ദേഹം പ്രൊ. വിസിയായി നിയമിതനായത്. വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് അധ്യാപകര്‍ ഭരണപരമായ ചുമതലയില്‍ നിന്നു പിന്‍വാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it