ഹൈഡ്രജന്‍ ബോംബ് പരീക്ഷണം; ഉത്തര കൊറിയക്കെതിരേ ഉപരോധം ശക്തമാക്കാന്‍ യുഎന്‍ നീക്കം

ന്യൂയോര്‍ക്ക്: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തര കൊറിയക്കെതിരേ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎന്‍ സുരക്ഷാസമിതി നീക്കം.
ഇന്നലെ ചേര്‍ന്ന അടിയന്തര യുഎന്‍ സുരക്ഷാസമിതിയില്‍ യോഗം ഉത്തര കൊറിയയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഉത്തര കൊറിയക്കെതിരേ ഉടനെതന്നെ കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
ആണവ പരീക്ഷണം സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തിന്റെ ലംഘനവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും കനത്ത വെല്ലുവിളിയാണെന്നും സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഉത്തര കൊറിയയുടെ പുതിയ നീക്കത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ അപലപിച്ചു. ഇത് ഈ മേഖലയിലെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആണവ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഉത്തര കൊറിയക്കെതിരേ ഒരു പതിറ്റാണ്ടോളമായി സാമ്പത്തിക, വാണിജ്യ ഉപരോധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉത്തര കൊറിയക്കെതിരേ നടപടി ശക്തമാക്കുന്നതില്‍ ചില സുരക്ഷാസമിതിയിലെ ചില രാജ്യങ്ങള്‍ക്കു വിയോജിപ്പുണ്ടെന്നും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണെത്ത തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും സംയുക്താഭിമുഖ്യത്തിലുള്ള കയിസങ് വ്യവസായ പാര്‍ക്കിലേക്കുള്ള പ്രവേശനത്തിനു ദക്ഷിണ കൊറിയ നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ആഗസ്തില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ലംഘനമാണ് ഉത്തര കൊറിയയുടെ ആണവ പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിനിധി പറഞ്ഞു.
ആറ്റം ബോംബിനേക്കാള്‍ 100 ഇരട്ടി ശക്തികൂടിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തര കൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it