malappuram local

ഹൈടെക് സ്‌കൂളുകള്‍ ജാഗ്രതൈ; കവര്‍ച്ചാസംഘങ്ങള്‍ പുറത്തുണ്ട്‌

നഹാസ്   എം   നിസ്താര്‍
പെരിന്തല്‍മണ്ണ: ഹൈടെക്ക് സ്‌കൂളുകള്‍ ജാഗ്രത പാലിക്കണമെന്ന് പോലിസിന്റെ മുന്നറിയിപ്പ്. കംപ്യൂട്ടര്‍ കവര്‍ച്ചാ സംഘങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ജില്ലയിലെ ആദ്യ കവര്‍ച്ച പെരിന്തല്‍മണ്ണയില്‍ നടന്നു. പൂട്ടിയിട്ട സ്‌കൂളിന്റെ വാതില്‍ തകര്‍ത്താണ് കംപ്യൂട്ടര്‍ മോഷണം. നേരത്തെ കംപ്യൂട്ടര്‍ മോഷണക്കേസുകളില്‍ അകത്തായിരുന്ന സംഘങ്ങള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. ഇക്കൂട്ടര്‍ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ മാത്രം കവര്‍ച്ച നടത്തുന്നതില്‍ വിദഗ്ധരാണെന്ന് പോലിസ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കംപ്യൂട്ടര്‍വല്‍കരണം നടന്നത് മലപ്പുറം ജില്ലയിലാണ്. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തിലാണ് സ്‌കൂള്‍ ക്ലാസ് മുറികള്‍ ആധുനികവല്‍കരിച്ചത്. ഒരോ സ്‌കൂളിലും നൂറിലധികം കംപ്യൂട്ടറുകളും അനുബന്ധ വസ്തുകളുമാണ് നിലവിലുള്ളത്.
വില കൂടിയ പ്രൊജക്ടറുകള്‍, ശബ്ദസംവിധാനങ്ങള്‍, പ്രിന്ററുകള്‍, ആധുനിക സൗകര്യങ്ങളുള്ള ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെ കോടികളുടെ വസ്തുവകകളാണ്  സ്‌കൂളുകളിലുള്ളത്.
പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ് മുറികള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. പല സ്‌കൂളുകളിലും ഇതിന്റെ ഭാഗമായി നിരീക്ഷണ കാമറകളും രാത്രികാല കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോഷണസംഘത്തിന്റെ നീക്കങ്ങള്‍ തടയിടാന്‍ പോലിസ് രാത്രികാല പരിശോധന സജീവമാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് കയറിയ മോഷ്ടാക്കള്‍ ഓഫിസിനുള്ളിലെ ലാപ്‌ടോപ്പും മറ്റു അനുബന്ധ ഉപകരണങ്ങളും പണവുമാണ് കവര്‍ന്നത്. സ്‌കൂളിന്റെ പ്രധാന ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ ഉപയോഗത്തിലിരുന്ന ലാപ്‌ടോപ്പും പെയ്ന്‍ ആന്റ് പാലിയേറ്റിവിലേക്കുവേണ്ടി വിദ്യാര്‍ഥികളില്‍ നിന്നു സ്വരൂപിച്ച പണമടങ്ങിയ ബോക്‌സുമാണ് അപഹരിച്ചത്. ഇന്നലെ പുലര്‍ച്ചയോടെയാണ് മോഷണമെന്നാണ് കരുതുന്നത്. രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരാണ് മോഷണം നടന്നതായി കണ്ടത്.
പ്രിന്‍സിപ്പല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈയിടെ കവര്‍ച്ചാകേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടുപേരെ സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മുമ്പ് പലതവണ കംപ്യുട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവരാണിവരെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it