kozhikode local

ഹൈടെക് സംവിധാനം ഉപയോഗിച്ച് കവര്‍ച്ച: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി


താമരശ്ശേരി: താമരശ്ശേരി സ്വദേശിനിയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്നും ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണം കവര്‍ന്ന സംഘത്തെ താമരശ്ശേരി പോലിസ് കസ്റ്റഡിയില്‍ വാങ്ങി.
കാസര്‍ക്കോട് രാംദാസ് നഗര്‍ സ്വദേശികളായ ആയിഷ മന്‍സിലില്‍ നൂര്‍ മുഹമ്മദ് എന്ന നൗമാന്‍, അയല്‍വാസി മുഹമ്മദ് ബിലാല്‍ എന്നിവരെ ബേംഗ്ലൂരില്‍ വെച്ചാണ് കോഴിക്കോട് കസബ പോലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളുടെ ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം കവര്‍ന്ന കേസിലായിരുന്നു അറസ്റ്റ്. സമാന രീതിയില്‍ പണം നഷ്ടപ്പെട്ടതായി കാണിച്ച് ചെമ്പുകടവ് സ്വദേശിനിയായ ലീന താമരശ്ശേരി പോലിസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണമാണ് ഹൈടെക് മോഷ്ടാക്കളിലെത്തിയത്. വെള്ളിമാട്കുന്നിലെ സ്വാകാര്യ ആശുപത്രിയില്‍ നേഴ്‌സായ ലീനയുടെ താമരശ്ശേരി കനറാ ബേങ്കിലെ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ജനുവരി 11 ന് 31400 രൂപ നഷ്ടപ്പെട്ടിരുന്നു. കോയമ്പൂത്തൂരിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനിടെയാണ് പ്രതികള്‍ ബാംഗ്ലൂരില്‍ വെച്ച് കസബ പോലിസിന്റെ പിടിയിലായത്.
ലീനയുടെ പണം കവര്‍ന്നതും ഇവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിമാണ്ടിലായ പ്രതികളെ താമരശ്ശേരി പോലിസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിമാട്കുന്നിലെ എടിഎം കൗണ്ടറില്‍ നിന്നും ലീന പണം പിന്‍വലിച്ചിരുന്നു.
ഇവിടെ ഘടിപ്പിച്ച ആധുനിക സംവിധാനത്തോടെയുള്ള ചിപ്പ് ഉപയോഗിച്ചാണ് പ്രതികള്‍ എടിഎം കാര്‍ഡിന്റെ നമ്പറും പിന്‍ നമ്പറും ചോര്‍ത്തിയത്. എടിഎം കൗണ്ടറില്‍ ഘടിപ്പിക്കുന്ന ചിപ്പ് 200 മീറ്റര്‍ മാറി നിന്ന് നിയന്ത്രിക്കാമെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു.






Next Story

RELATED STORIES

Share it