Gulf

ഹൈടെക് പെയ്ഡ് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക്

ദോഹ: ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പെയ്ഡ് പാര്‍ക്കിങ് സംവിധാനം രാജ്യത്ത് വ്യാപകമാവുന്നു. പാര്‍ക്കിങ് ഏരിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി ഖത്തറിലെ മിക്ക വാണിജ്യ സ്ഥാപനങ്ങളും പാര്‍ക്കിങിന് ചാര്‍ജ് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. കംപ്യൂട്ടര്‍ സ്റ്റേഷന്‍ എന്ന പേരിലുള്ള കമ്പനിയാണ് പുതിയ പാര്‍ക്കിങുകള്‍ക്ക് ഹൈടെക് സംവിധാനം ഒരുക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പണടക്കല്‍, പാര്‍ക്ക് ചെയ്ത വാഹനം കണ്ടെത്താനുള്ള സംവിധാനം തുടങ്ങിയവ പുതിയ സാങ്കേതിക വിദ്യയുടെ ഭാഗമാണ്.
കോര്‍ണിഷിലെ ഖത്തര്‍ ജനറല്‍ പോസ്‌റ്റോഫിസിന്റെ ബഹുനില പാര്‍ക്കിങില്‍ പുതിയ സംവിധാനം ഉടന്‍ നിലവില്‍വരും. ഈ മാസം അവസാനം മുതല്‍ ഇവിടെ പാര്‍ക്കിങ് ഫീസ് ഈടാക്കിത്തുടങ്ങും. തിരക്കേറിയ വെസ്റ്റേ ബേയുടെ അറ്റത്തുള്ള ഈ നാലു നില ഏരിയ ഉപഭോക്താക്കളല്ലാത്തവര്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് പണം ഈടാക്കാന്‍ തീരുമാനിച്ചതെന്ന് കംപ്യൂട്ടര്‍ സ്റ്റേഷന്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എലീ അല്‍ഖൂരി പ്രാദേശിക വെബ് പോര്‍ട്ടലിനോട് പറഞ്ഞു.
ഗതാഗതത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ ഈ കാര്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ ഗെയ്റ്റ് ഉണ്ടാവില്ല. കാര്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നതോടെ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്‌നിഷന്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തും. കാര്‍ എക്‌സിറ്റ് ഗേറ്റിനെ സമീപിക്കുന്ന സമയത്ത് വീണ്ടും നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് എത്ര സമയം കാര്‍ പാര്‍ക്ക് ചെയ്തു എന്നു മനസ്സിലാക്കുകയും ചാര്‍ജ് ഈടാക്കുകയും ചെയ്യും. പണമായോ കാര്‍ഡ് ഉപയോഗിച്ചോ പേ ചെയ്യാം.
ഗറാഫയിലുള്ള ഗള്‍ഫ് മാള്‍ കാര്‍ പാര്‍ക്കിലും സമാനമായ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഖൂരി പറഞ്ഞു. ഇവിടെ കഴിഞ്ഞ സപ്തംബറിലാണ് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയത്. സൂഖ് ഫാഖിഫിലെ പുതിയ രണ്ടു നില കാര്‍ പാര്‍ക്ക് ആഗസ്തില്‍ തുറക്കാനിരിക്കുകയാണ്. ഇവിടെയും നമ്പര്‍ പ്ലേറ്റ് റീഡിങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ കാര്‍ പാര്‍ക്കിനകത്ത് ഓരോ നാലു പാര്‍ക്കിങ് സ്‌പേസിനും ഒരു സിസിടിവി കാമറയുണ്ടാവും.
ഈ കാമറകള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വായിക്കുകയും അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും റെക്കോഡ് ചെയ്യുകയും ചെയ്യും. അടുത്തു പാര്‍ക്ക് ചെയ്യുന്ന വാഹനം തട്ടുകയോ മറ്റോ ചെയ്യുന്നത് ഇത് വഴി മനസ്സിലാക്കാനാവും.
പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോയാല്‍ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. ഇവിടെയുള്ള കിയോസ്‌കില്‍ സജ്ജീകരിച്ച ഉപകരണത്തില്‍ വാഹനത്തിന്റെ നമ്പര്‍ നല്‍കിയാല്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കിത്തരും. വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തിന് മുകളിലെ ലൈറ്റ് മിന്നുകയും ചെയ്യും. പണമോ, കാര്‍ഡോ ഉപയോഗിച്ച് പേ ചെയ്യുന്നതിന് പുറമേ എന്‍എഫ്‌സി സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഉപയോഗിച്ചും പാര്‍ക്കിങ് ഫീസ് അടക്കാന്‍ സാധിക്കും.
ദോഹ എക്ബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്റര്‍, വെസ്റ്റ് ബേയിലെ അശ്ഗാല്‍ ജീവനക്കാരുടെ പാര്‍ക്കിങ്, ക്യുപി ഡിസ്ട്രിക്ട് എന്നിവിടങ്ങളിലും പുതിയ പാര്‍ക്കിങ് സാങ്കേതിക വിദ്യ നടപ്പാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it