kasaragod local

ഹൈക്കോടതി സ്‌റ്റേ നിലവിലുള്ള ഭൂമിയില്‍ പുതിയ ഉത്തരവ്

കാസര്‍കോട്: തെക്കില്‍ വില്ലേജിലേ സര്‍വേ നമ്പര്‍ 142/1 ല്‍പെട്ട ഒരു ഏക്കര്‍ ഭൂമിയില്‍ നിന്ന് 9.25 സെന്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാക്കി ഏറ്റെടുത്ത ജില്ലാ കലക്ടറുടെ ഉത്തരവിനേയും ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ ഓര്‍ഡറിനേയും മറികടന്ന് ലാന്റ് റവന്യു കമ്മീഷണര്‍ പുതിയ ഉത്തരവ് ഇറക്കിയത് വിവാദത്തില്‍ ഡബ്ല്യുപിസി 38064 /2017 കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനിടയിലാണ്് ലാന്റ് റവന്യു കമ്മീഷണര്‍ മെയ് ഒമ്പതിന് എല്‍6ജെ 2286/18/2017 പ്രകാരം ഉത്തരവ് ഇറക്കിയത്. കാസര്‍കോട് മുന്‍സിഫ് കോടതി മുമ്പാകെ 08 283/2004 പ്രകാരം കേസ് നിലവിലുണ്ട്.
ബെണ്ടിച്ചാലിലെ സി കെ അബ്ദുല്ലയുടെ ഭാര്യ ആയിഷാബിക്ക് എല്‍എ57/88 പ്രകാരം പട്ടയം അനുവദിച്ച ഒരേക്കര്‍ ഭൂമി പിന്നീട് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് 9.25 സെന്റ് സര്‍ക്കാര്‍ ഭൂമിയാക്കിയിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് ഇത് സര്‍ക്കാര്‍ ഭൂമിയാക്കി ജില്ലാ കലക്ടറുടെ സി3 21919/17 ഉത്തരവ് പ്രകാരം അഡീഷണല്‍ തഹസില്‍ദാര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
പ്രസ്തുത ഭൂമിക്ക് ജില്ലാ കലക്ടറുടെ ആദ്യ ഉത്തരവായ 1798/2016 സി3 ഏഴ് ദിവസം കൊണ്ട് ഭൂമി പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ആയിഷാബിയുടെ മകന്‍ ഇസ്മായിലും കുടുംബവും കലക്ടറേറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി വിവാദമതില്‍ പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എതിര്‍കക്ഷി ആര്‍ഡിഒയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചു.
തല്‍സ്ഥിതി തുടരണമെന്നാണ് ഹൈക്കോതിയുടെ നിര്‍ദ്ദേശം. ഇത് മറികടന്നാണ് റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ മതില്‍ പൊളിച്ച് സ്വകാര്യ വ്യക്തിക്ക് അനുകുലമായി ലാന്റ് റവന്യു കമ്മീഷണര്‍ ഉത്തരവിറക്കിയത്. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന തര്‍ക്ക സ്ഥലത്തിന് പുതിയ ഉത്തരവ് ഇറക്കിയ ലാന്റ് റവന്യു കമ്മീഷണറുടെ നടപടി കോടതിയലക്ഷ്യമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
Next Story

RELATED STORIES

Share it