ഹൈക്കോടതി വിമര്‍ശനം: ചെന്നിത്തല രാജിവയ്ക്കണമെന്ന് കോടിയേരി

തിരുവനന്തപുരം/കണ്ണൂര്‍: ബാര്‍ കോഴക്കേസിലെ ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനമുണ്ടായിട്ടും പദവിയില്‍ തുടരുന്നതു ശരിയല്ല. വിജിലന്‍സ് വിഭാഗം കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകളിലേക്കാണ് ഹൈക്കോടതി വിരല്‍ചൂണ്ടിയത്. പാമൊലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പിക്ക് ഐപിഎസ് ശുപാര്‍ശ നല്‍കിയാണ് കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ വെള്ളപൂശിയ റിപോര്‍ട്ട് വിജിലന്‍സ് നല്‍കി. ഇതിലൂടെ കേസ് തന്നെ അട്ടിമറിക്കുകയാണ്.
ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. എസ്പി സുകേശിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതേ ഉദ്യോഗസ്ഥന്‍തന്നെ തുടരന്വേഷണം നടത്തിയപ്പോള്‍ മാണി കുറ്റവിമുക്തനാവുന്നതാണു കാണുന്നത്.
മാണിയെ രക്ഷിക്കാന്‍ തട്ടിക്കൂട്ടിയ റിപോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. തുടരന്വേഷണ ഉത്തരവില്‍ വിജലന്‍സ് കോടതി പറഞ്ഞതൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. ബാര്‍ കോഴക്കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതിയും പറഞ്ഞു. വിജിലന്‍സ് വകുപ്പിനെതിരായ കുറ്റപത്രമാണിത്. കൂട്ടിലടച്ച തത്തയല്ല, ഉമ്മന്‍ചാണ്ടി പറയുന്നതിന് അനുസരിച്ച് തുള്ളിക്കളിക്കുന്ന സംവിധാനമായി വിജിലന്‍സ് മാറിയെന്നും കോടിയേരി കുറ്റപ്പെടുത്തി.
വിജിലന്‍സിനെ ചിലര്‍ സ്വാര്‍ഥതാല്‍പര്യത്തിന് ഉപയോഗിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. സിബിഐയെ കൂട്ടിലടച്ച തത്തയെന്ന് പറഞ്ഞതിലും കടുത്ത വിമര്‍ശനമാണ് വിജിലന്‍സിനു കേള്‍ക്കേണ്ടി വന്നത്. കേസുകള്‍ തേച്ചുമാച്ചു കളയാന്‍ വിജിലന്‍സ് അധികാരം ഉപയോഗിക്കുകയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് വകുപ്പിന്റെ ഉത്തരവാദിത്തം. വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ് സര്‍ക്കാര്‍.
ഒരു കാലത്തും ഇത്ര രൂക്ഷവിമര്‍ശനം വിജിലന്‍സിന് കേള്‍ക്കേണ്ടി വന്നിട്ടില്ല. ഭരിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുകൂട്ടം ആളുകളുടെ കൈയില്‍പ്പെടുമ്പോള്‍ വിജിലന്‍സിന് വഴിവിട്ടു പ്രവര്‍ത്തിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it