Middlepiece

ഹൈക്കോടതി വിധി കാംപസുകള്‍ക്കു പാഠം

അഡ്വ. ജി സുഗുണന്‍

നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും ബാധിക്കുക സ്വാഭാവികമാണ്. ഇടത്തരക്കാരുടെയും അതിനു മുകളിലുള്ളവരുടെയും സാമ്പത്തിക ഉയര്‍ച്ച അവരുടെ കുട്ടികളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കാംപസുകള്‍ ആര്‍ഭാടം കാട്ടാനുള്ള വേദിയാക്കി ഈ കുട്ടികള്‍ മാറ്റിയിരിക്കുകയാണ്. വിലയേറിയ മോട്ടോര്‍ സൈക്കിള്‍ മുതര്‍ ആഡംബര കാറുകള്‍ വരെ ഇന്നു കാംപസുകള്‍ക്കുള്ളില്‍ വിഹരിക്കുന്നത് ഒരു സാധാരണ സംഭവം മാത്രമാണ്. തിരുവനന്തപുരം സിഇടിയില്‍ തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ഥിനി മരിക്കാനിടയായ നിര്‍ഭാഗ്യകരമായ സംഭവം യഥാര്‍ഥത്തില്‍ ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു.
ഈ സാഹചര്യത്തിലാണ് എല്ലാ കോളജുകളിലും വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി ഉത്തരവിട്ടത്. പാര്‍ക്കിങ് ഏരിയയുടെ പരിധി ലംഘിച്ച് വാഹനം കയറ്റുന്ന വിദ്യാര്‍ഥികള്‍ക്കു പിഴയിടുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യാമെന്നാണ് ജസ്റ്റിസ് വി ചിദംബരേഷ് വ്യക്തമാക്കിയിട്ടുള്ളത്. ആഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ പണക്കൊഴുപ്പ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കരുത്.
കോളജും ഹോസ്റ്റലും ഉള്‍പ്പെടെ കാംപസിലെ ആഘോഷം രാത്രി 9 മണി വരെ മാത്രമേ ആകാവൂ. സ്ഥാപനമേലധികാരിയുടെ അനുമതിയോടെയും അധ്യാപകരുടെ സാന്നിധ്യത്തിലും മേല്‍നോട്ടത്തിലും വിദ്യാര്‍ഥികളുടെ പരിപാടികള്‍ നടത്താം. പുറമേ നിന്നുള്ള പ്രൊഫഷനല്‍ കലാസംഘങ്ങളുടെയും ഏജന്‍സികളുടെയും പരിപാടികള്‍ കാംപസില്‍ അനുവദിക്കരുത്. കാംപസുകള്‍ക്കുള്ളില്‍ ഘോഷയാത്രയ്ക്ക് അനുവാദം നല്‍കരുത്. തിരുവനന്തപുരം സിഇടിയില്‍ ഓണാഘോഷത്തിനിടയില്‍ ജീപ്പ് ഇടിച്ച് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തിലെ 26 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് ഈ ഉത്തരവുണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് സിഇടി വിദ്യാര്‍ഥിനി മരിച്ച സംഭവത്തെത്തുടര്‍ന്ന് കലാലയങ്ങളില്‍ വാഹനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് 2015 ഒക്‌ടോബര്‍ 10ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലര്‍ ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചില കാര്യങ്ങളില്‍ കോടതി കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പാര്‍ക്കിങ് മേഖല വേര്‍തിരിച്ചു നല്‍കുന്നുവെങ്കില്‍ അത് ഗേറ്റിനോട് ചേര്‍ന്നു വേണമെന്ന് കോടതി നിര്‍ദേശിച്ചു. ആ പ്രദേശത്തിന് അപ്പുറത്തേക്കു വാഹനം അനുവദിക്കരുത്.
ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനം പ്രത്യേക അനുമതിയോടെ ക്ലാസ്മുറി വരെ കൊണ്ടുപോകാമെന്നു കോടതി വ്യക്തമാക്കി. ബൈക്ക്-കാര്‍ ഓട്ടമല്‍സരമോ ആനയെ എഴുന്നള്ളിക്കുന്നതോ അനുവദിക്കരുത്. ഹൈക്കോടതി നിര്‍ദേശങ്ങള്‍ കാംപസിനകത്തെ അനിഷ്ട സംഭവങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാന്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷ പരിപാടിക്കിടെ വാഹനമിടിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കോളജിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആഘോഷസംഘം ഓടിച്ച ജീപ്പിടിച്ചാണ് വിദ്യാര്‍ഥിനി കൊല്ലപ്പെടുന്നത്. ഇത്തരം വാഹനങ്ങളുമായി എത്തുന്ന കുട്ടികളുടെ പ്രധാന വിനോദമായി മാറിയിട്ടുണ്ട് കാംപസിനകത്ത് ചുറ്റിക്കറങ്ങല്‍. വിവിധയിനം മല്‍സരങ്ങള്‍ക്കും അഭ്യാസപ്രകടനങ്ങള്‍ക്കും കാംപസ് വേദിയാകുന്നു. അപകടം പിടിച്ച അഭ്യാസപ്രകടനങ്ങളില്‍പ്പെട്ട് ശരീരം നുറുങ്ങി ആശുപത്രിയില്‍ അഭയംപ്രാപിക്കുന്നവരുടെയും സംഖ്യ ചെറുതല്ല. സഹപാഠികളുടെയും പെണ്‍കുട്ടികളുടെയും മുന്നില്‍ കേമന്മാരാകാനുള്ള ശ്രമമാണ് പലരെയും സാഹസികരാകാന്‍ പ്രേരിപ്പിക്കുന്നത്.
കോളജുകളിലെ നീതീകരണമില്ലാത്ത ആഘോഷങ്ങളുടെയും അതിന്റെ ഫലമായുണ്ടാകുന്ന ദാരുണസംഭവങ്ങളുടെയും ഉത്തരവാദിത്തങ്ങളില്‍ നിന്നു വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ സാധ്യമല്ല. തിരുവനന്തപുരം സിഇടിയില്‍ ഇടതു വിദ്യാര്‍ഥിപ്രസ്ഥാനത്തിനാണ് മുന്‍തൂക്കം. വിദ്യാര്‍ഥി സംഘടനകള്‍ കുട്ടികളുടെ ദുഷ്പ്രവണതകളെ ചെറുക്കുന്നില്ലെന്നു മാത്രമല്ല, അതിനോടൊപ്പം കൂടുകയുമാണ് ചെയ്യുന്നത്. വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല.

(കേരള സര്‍വകലാശാലാ യൂനിയന്റെ മുന്‍ ചെയര്‍മാനാണ് ലേഖകന്‍.)......
Next Story

RELATED STORIES

Share it