ഹൈക്കോടതി പരാമര്‍ശം; വിജിലിന്‍സ് നേരിട്ട് കക്ഷിയല്ലാത്ത കേസില്‍: ചെന്നിത്തല

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിജിലന്‍സ് നേരിട്ടു കക്ഷിയല്ലാത്ത കേസിലാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഒരു കേസില്‍ വാക്കാല്‍ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രമാണ് കോടതി ചെയ്തത്. ഇതിനെ വളച്ചൊടിച്ച് വിജിലന്‍സിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം എന്ന രീതിയില്‍ പ്രചരിപ്പിക്കുകയും ജുഡീഷ്യറിയെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കെതിരേ കടുത്ത നടപടികളുമായി വിജിലന്‍സ് സംവിധാനം മുന്നോട്ടു പോവുകയാണ്. ഒരു മന്ത്രിക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ള ഉന്നത ഐഎഎസ്- ഐപിഎസ് ഉദ്യേഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളാണ് വിജിലന്‍സ് കൈക്കൊണ്ടത്. അഴിമതിക്കെതിരേ സീറോ ടോളറന്‍സ് എന്ന നിലപാടെടുത്ത് വിജിലന്റ് കേരള എന്ന വലിയ മുന്നേറ്റത്തിന് സര്‍ക്കാര്‍ തുടക്കമിടുകയും ചെയ്തു. അഴിമതിക്കെതിരേ ചരിത്രത്തില്‍ ഇതേവരെയില്ലാത്ത നടപടികള്‍ക്കാണ് ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ചത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമ്പോള്‍ വിജിലന്‍സ് സ്വീകരിക്കുന്ന നടപടികളെല്ലാം ജുഡീഷ്യറിയുടെ സൂഷ്മപരിശോധനയ്ക്കു വിധേയമാണ്. വിജിലന്‍സും കോടതിയും ഉള്‍പ്പെടുന്ന പ്രക്രിയയിലൂടെയാണ് ഓരോ വിജിലന്‍സ് അന്വേഷണവും പൂര്‍ണതയിലെത്തുന്നത്.
ഇതിനിടയില്‍ കോടതികളില്‍ നിന്ന് ഉണ്ടാവുന്ന ഉത്തരവുകളും പരാമര്‍ശങ്ങളും അഴിമതിക്കെതിരായി കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുതിനു സഹായകരമായി മാത്രമാണ് സര്‍ക്കാരും വിജിലന്‍സും കാണുന്നത്. വസ്തുതകള്‍ ഇതായിരിക്കെ പ്രതിപക്ഷ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ സത്യത്തെ വളച്ചൊടിക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it