ഹൈക്കോടതി പരാമര്‍ശം തന്റെ ഭാഗം കേള്‍ക്കാതെയെന്ന് കെ എം മാണി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെ ഹൈക്കോടതി പരാമര്‍ശം നടത്തിയത് വേദനാജനകമാണെന്നു കെ എം മാണി നിയമസഭയെ അറിയിച്ചു. താന്‍ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തെക്കുറിച്ചു നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
താന്‍ കുറ്റം ചെയ്‌തെന്നു ഹൈക്കോടതി പറഞ്ഞിട്ടില്ല. ആരോപണമുണ്ടായ സാഹചര്യത്തില്‍ അധികാരസ്ഥാനത്തിരിക്കുന്നത് ഭൂഷണമാണോയെന്ന് മനസ്സാക്ഷിയോടു ചോദിക്കണമെന്നായിരുന്നു പരാമര്‍ശം. അതുകൊണ്ടാണ് സഭയോടും സഭാനാഥനോടുമുള്ള ആദരവ് പാലിച്ച് താന്‍ സ്വമനസ്സാലെ രാജിവച്ചത്. എല്ലാ സഭാംഗങ്ങളോടും സ്‌നേഹവും ആദരവും പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഈ സ്‌നേഹം എന്നെന്നും നിലനില്‍ക്കണമെന്നാണ് ആഗ്രഹം. തനിക്കെതിരേയുണ്ടായ അന്വേഷണങ്ങളെക്കുറിച്ച് യാതൊന്നും പറയുന്നില്ല. സത്യം ആത്യന്തികമായി വിജയിക്കുമെന്നും മാണി വ്യക്തമാക്കി.
ചട്ടം 64 അനുസരിച്ചാണ് അദ്ദേഹം സഭയില്‍ പ്രസ്താവന നടത്തിയത്.
അതേസമയം, കെ എം മാണി പ്രസ്താവന നടത്തുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. മന്ത്രിയല്ലാത്ത കെ എം മാണിക്ക് സ്ഥാനം രാജിവച്ചതിനെക്കുറിച്ച് ഇപ്പോള്‍ പ്രസ്താവന നടത്താന്‍ ചട്ടം അനുവദിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
എന്നാല്‍, ചട്ടം 64 പ്രകാരം സ്പീക്കറുടെ അനുമതിയോടെ രാജിവച്ച സാഹചര്യത്തെക്കുറിച്ച് മന്ത്രിമാര്‍ക്ക് പ്രസ്താവന നടത്താന്‍ കഴിയുമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. കേരള നിയമസഭാ ചട്ടങ്ങളില്‍ രാജിവച്ചശേഷം സഭയില്‍ പ്രസ്താവന നടത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയ സാഹചര്യവും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് പ്രതിപക്ഷം ശാന്തരായത്.
ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ ഗൂഢാലോചനയുണ്ടായി എന്നതില്‍ ഉറച്ചുനില്‍ക്കുന്നതായും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു. ഗൂഢാലോചന ബോംബ് പൊട്ടിച്ചു തന്നെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടതില്ല. തനിക്കെതിരേ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നത് സത്യമാണ്. ഗൂഢാലോചനയുണ്ടെങ്കിലും അതു വിജയം കണ്ടാലേ ഫലമുള്ളൂ. തന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. തനിക്ക് ജനശക്തിയില്‍ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ഇതൊക്കെ പ്രതിരോധിക്കാന്‍ കഴിയുമെന്നും മാണി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെപ്പോലെ തിളക്കമുള്ള ഒരു ജനനേതാവിനെ കരിവാരിതേക്കാന്‍ ശ്രമിച്ചാല്‍ അതു വിഫലമാവുകയേയുള്ളൂവെന്ന് ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് മാണി പറഞ്ഞു.
Next Story

RELATED STORIES

Share it