Flash News

ഹൈക്കോടതി നടപടി മനുഷ്യാവകാശ ലംഘനം: നാസറുദ്ദീന്‍ എളമരം



കൊച്ചി: ഹാദിയക്കു മേല്‍ ഹൈക്കോടതി നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പോപുലര്‍ ഫ്രണ്ട്് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ കറുത്ത അധ്യായമായിരിക്കുകയാണ് ഹാദിയ കേസ്. നിലവില്‍ വീട്ടുകാരുടെ സംരക്ഷണയില്‍ കഴിയുന്ന ഹാദിയയുടെ ജീവന് ഭീഷണിയുണ്ട്. ആര്‍എസ്എസ് നിലപാടിനോട് കൂട്ട് നില്‍ക്കുന്ന പിതാവിന്റെയും മറ്റ് ബന്ധുക്കളുടെയും ഇടയില്‍ ഹാദിയ സുരക്ഷിതയല്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഹാദിയക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും നാസറുദ്ദീന്‍ എളമരം അറിയിച്ചു. തന്റെ വിശ്വാസത്തിന് ശരിയെന്ന് തോന്നിയ വഴിയിലൂടെ സഞ്ചരിച്ച പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കുന്ന കോടതി നടപടിയെ ഭ്രാന്തമെന്നാണ് വിശേഷിപ്പിക്കേണ്ടത്. കഴിഞ്ഞ കാലങ്ങളില്‍ കോടതിവിധികളിലുണ്ടായിട്ടുള്ള പക്ഷപാതിത്വമാണ് ഹാദിയ കേസിലൂടെ വീണ്ടും ശക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാദിയക്കു നീതി തേടി ഏതറ്റംവരെയും സഞ്ചരിക്കും. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം നടത്താനുള്ള സ്വതന്ത്ര്യം ഭരണഘടന അനുവദിച്ച് നല്‍കുന്നുണ്ട്. അത് റദ്ദ് ചെയ്യാന്‍ നിയമപരമായി കോടതികള്‍ക്ക് അധികാരമില്ല. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത യുവതി സിറിയയിലേക്ക് പോവുമെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. അതിന്റെ സാധ്യതകള്‍ പരിശോധിക്കാതെ കള്ള പ്രചാരണങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന നിലപാടുകളാണ് വിധി പ്രസ്താവിച്ച രണ്ട് ജഡ്ജിമാരും സ്വീകരിച്ചത്. 2016 ജനുവരിയില്‍ ഹൈക്കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹാദിയ കേസ് പരിഗണനയില്‍ വന്നപ്പോള്‍ യുവതിയുടെ ഇഷ്ടപ്രകാരം വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കോടതി വിധിച്ചത്. എന്നാല്‍, രണ്ടാംവട്ടം ഹാദിയയുടെ കേസ് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ വാദം കേട്ട ജഡ്ജിമാരായ എബ്രഹാം മാത്യുവും സുരേന്ദ്രമോഹനനും തുടക്കം മുതല്‍ എതിരായ നിലപാടുകളാണ് സ്വീകരിച്ചത്. ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് വിധി പ്രസ്താവിച്ച ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്ന മറ്റ് സംഘടനകളുടെ നിലപാടിനെ പോപുലര്‍ ഫ്രണ്ട് പിന്തുണയ്ക്കുന്നതായും നാസറുദ്ദീന്‍ എളമരം അറിയിച്ചു. ഹാദിയക്കെതിരേയുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതി നാളെ നടത്തുന്ന ഹൈക്കോടതി മാര്‍ച്ചിനെ പോപുലര്‍ ഫ്രണ്ട് പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ അബ്ദുള്‍ സത്താര്‍, ഖജാഞ്ചി എം കെ അഷ്‌റഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ എ അഫ്‌സല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it