ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം: നിബന്ധന ഒഴിവാക്കി

ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിനു ശുപാര്‍ശ ചെയ്യുമ്പോള്‍ ഒരു വര്‍ഷത്തെ സേവനകാലം ബാക്കിയുണ്ടാവണമെന്ന നിബന്ധന ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിരമിക്കല്‍ പ്രായത്തിനടുത്തെത്തിയ ജഡ്ജിമാരുടെ സീനിയോറിറ്റി പ്രശ്‌നവും അവരുടെ സേവനകാലത്തെ മികച്ച പ്രകടനവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിന് നീതിന്യായ വകുപ്പു തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് രണ്ടു വര്‍ഷം സേവനകാലം വേണമെന്നു നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസുമാര്‍ക്ക് കേസ് കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു കാലാവധി നിശ്ചയിക്കാന്‍ നീതിന്യായ വകുപ്പിനെ പ്രേരിപ്പിച്ചത്. എന്നാല്‍, നിയമ മന്ത്രാലയം ഈ കാലാവധി കുറച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ മന്ത്രിമാരുടെ യോഗമാണ് ഇപ്പോള്‍ ഈ നിബന്ധന ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. ഇപ്പോള്‍ സുപ്രിംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65ഉം ഹൈക്കോടതി ജഡ്ജിമാരുടെത് 62മാണ്.
Next Story

RELATED STORIES

Share it