ഹൈക്കോടതി ചീഫ് ജസ്റ്റിസിന്  എം വി ജയരാജന്റെ തുറന്ന കത്ത്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ തുറന്ന കത്തയച്ചു. നിയമത്തിനു മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്ന്' കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം മാധ്യമങ്ങളില്‍ വരികയുണ്ടായി. ചില സന്ദര്‍ഭങ്ങളിലെങ്കിലും നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന അടിസ്ഥാന പ്രമാണം ജുഡീഷ്യറി മറന്നുപോവുന്നുണ്ടോ എന്ന സംശയം വ്യാപകമായി വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ നിരീക്ഷണമെന്നത് ശ്രദ്ധേയമാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2010ല്‍ കണ്ണൂരില്‍ ഒരു പാതയോര പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് ഈ കത്തെഴുതുന്ന എളിയവനെ കോടതിയലക്ഷ്യക്കുറ്റത്തിന് 2011 ഒക്‌ടോബറില്‍ ഹൈക്കോടതി 6 മാസത്തേക്ക് ശിക്ഷിച്ചു. കോടതിവിധിയില്‍ അസാധാരണമായ നിരവധി പരാമര്‍ശങ്ങളുമുണ്ടായി.
കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും നിരവധി നേതാക്കള്‍ സമാനരീതിയില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് നടപടിയെടുക്കത്തക്കവിധം പ്രസംഗിക്കുകയും പ്രതികരിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. അതില്‍ എന്താണ് നടപടിയുണ്ടാവാത്തത്? മാത്രമല്ല, യുഎപിഎ വകുപ്പുകള്‍ ചുമത്തിയ കൊലക്കേസുകള്‍ സമീപകാലത്ത് കണ്ണൂര്‍ ജില്ലയില്‍ 3 എണ്ണമാണ്. ചിറ്റാരിപ്പറമ്പ് പ്രേമന്‍, പൊയിലൂര്‍ വിനോദന്‍, കതിരൂര്‍ മനോജ് കൊലക്കേസുകള്‍. ഇതില്‍ മനോജ് കൊലക്കേസിലെ പ്രതികളില്‍ ഭൂരിപക്ഷം പേര്‍ക്കും ജാമ്യം നിഷേധിച്ചു. 180 ദിവസത്തെ ജയില്‍വാസത്തിനുശേഷം മാത്രമാണ് ചിലര്‍ക്ക് ജാമ്യം കിട്ടിയത്. പൊയിലൂര്‍, ചിറ്റാരിപ്പറമ്പ് കേസുകളില്‍ ജാമ്യഹരജി തലശ്ശേരി സെഷന്‍സ് കോടതി തള്ളിയ ശേഷം ഹൈക്കോടതി സിംഗിള്‍ ജഡ്ജ് പരിഗണിക്കുകയും 180 ദിവസത്തിനു മുമ്പ് ജാമ്യം അനുവദിക്കുകയും ചെയ്തു. സാധാരണ ക്രിമിനല്‍ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചാണ് കേള്‍ക്കാറുള്ളത്. ഈ രണ്ട് കേസിലും സിംഗിള്‍ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കുകയും അനുവദിക്കുകയും ചെയ്തു. ഇത്തരമൊരു വിവേചനം എന്തുകൊണ്ടുണ്ടായി? ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ജാമ്യം ലഭിക്കാന്‍ വേണ്ടി ഒത്തുകളിച്ചു എന്ന ആരോപണം ഉയര്‍ന്നുവന്നെങ്കിലും ജുഡീഷ്യറി നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കേണ്ടതല്ലേയെന്നും കത്തില്‍ ചോദിക്കുന്നു.
ഫസല്‍ കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിച്ചെന്നും കത്തിലുണ്ട്. ഇനിയെങ്കിലും ഇത്തരം വിവേചനങ്ങള്‍ ജുഡീഷ്യറിയില്‍ നിന്ന് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമോ? നിഷ്പക്ഷവും സത്യസന്ധവുമായ നീതിന്യായവ്യവസ്ഥ ഉണ്ടാവണമെന്നാണു ജനങ്ങളുടെ ആഗ്രഹം. അതിനായി താങ്കളുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നുവെന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it