ഹൈക്കോടതി ഉത്തരവിന് എതിരേ ഇന്ന് അപ്പീല്‍ നല്‍കും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പന വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി ഉത്തരവനുസരിച്ച് പോലിസ് കേസെടുക്കാന്‍ തയ്യാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍വിഭാഗം ഇന്ന് കോടതിയലക്ഷ്യ ഹരജിയും നല്‍കും.
ഈ മാസം 6നാണ് എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് ആരോപണത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഭൂമിയിടപാടില്‍ തട്ടിപ്പു നടന്നെന്നും താന്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലിസ് കേസെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, കോടതി ഉത്തരവു വന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറാവാത്തതിനെതിരേയാണ് പരാതിക്കാരായ കര്‍ദിനാള്‍ വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കുന്നത്. കര്‍ദിനാളുമായി അടുപ്പം പുലര്‍ത്തുന്നവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് പോലിസ് കേസെടുക്കാത്തതെന്നാണ് ഇവരുടെ ആരോപണം. രാവിലെ 10 മണിയോടെ ഹരജി ഫയല്‍ ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം, കേസെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരിക്കുകയാണെന്നും ഇതു ലഭിക്കാത്തതിനാലാണ് കേസെടുക്കുന്നത് വൈകുന്നതെന്നും എറണാകുളം സെന്‍ട്രല്‍ പോലിസ് സിഐ അനന്തലാല്‍ പറഞ്ഞു. നിയമോപദേശം ഇന്നു ലഭിക്കുമെന്നാണു കരുതുന്നത്. ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് സിഐ പറഞ്ഞു.
അതേസമയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഇന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് കര്‍ദിനാള്‍ അനുകൂലികള്‍ പറഞ്ഞു. ഇന്നു രാവിലെ തന്നെ ഹരജി ഫയല്‍ ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിറോ മലബാര്‍സഭ സ്ഥിരം സിനഡ് കേസിന്റെ തുടര്‍നടത്തിപ്പു ചുമതല ഏറ്റെടുത്തിരുന്നു. അതേസമയം, വിഷയം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍(കെസിബിസി) അധ്യക്ഷന്‍ ബിഷപ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ കര്‍ദിനാള്‍, വൈദികര്‍, സഹായമെത്രാന്മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കര്‍ദിനാള്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ നിന്ന് പിന്മാറിക്കൂടെയെന്ന് ചര്‍ച്ചയില്‍ ബിഷപ് സൂെസപാക്യം വൈദികരോട് ചോദിച്ചതായാണു വിവരം. എന്നാല്‍, ഇപ്പോഴത്തെ വിഷയത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുവരുന്നതുവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയിലെ ചുമതലയില്‍ നിന്നു മാറിനില്‍ക്കുക, ഒരു പരിപാടിയിലും പങ്കെടുക്കാതിരിക്കുക, ഭൂമിവില്‍പന വിഷയത്തില്‍ എന്താണു സംഭവിച്ചതെന്ന് കര്‍ദിനാള്‍ തുറന്നുപറയുക, അതിരൂപതയ്ക്ക് നഷ്ടം വന്ന പണം കര്‍ദിനാള്‍ തന്നെ ഇടപെട്ടു നല്‍കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണു വിവരം.
Next Story

RELATED STORIES

Share it