ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ആരോപണവിധേയരായ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവരാണ് ഹരജി ഫയല്‍ ചെയ്ത മറ്റുള്ളവര്‍. ഭൂമിയിടപാടില്‍ തട്ടിപ്പു നടന്നെന്നും താന്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലിസ് കേസെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് കേസെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
ഷൈന്‍ വര്‍ഗീസ് കഴിഞ്ഞ മാസം 16നാണ് സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കിയതെന്ന് ഹരജിയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടുന്നു. പക്ഷേ, പരാതിയിലെ തിയ്യതി 15 എന്നായിരുന്നു. ആരോപണങ്ങള്‍ പ്രകാരം ക്രിമിനല്‍ക്കേസെടുക്കാനാവില്ലെന്നാണ് പോലിസ് ഷൈനെ അറിയിച്ചിരുന്നത്. എന്നിട്ടാണ് പോലിസ് നടപടിയെടുത്തില്ലെന്ന് 16നു തന്നെ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ചില തല്‍പരകക്ഷികള്‍ക്കു വേണ്ടിയാണ് ഷൈന്‍ വര്‍ഗീസ് ഈ കേസുമായി നടക്കുന്നത്. അയാള്‍ക്ക് കേസിന്റെ ഒരു വശങ്ങളും അറിയില്ല. പരാതിയില്‍ പോലിസ് നടപടിയെടുത്തില്ലെങ്കില്‍ ഷൈന്‍ വര്‍ഗീസിന് മജിസ്‌ട്രേറ്റിന് പരാതി നല്‍കാമായിരുന്നു. പക്ഷേ, ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാവട്ടെ മജിസ്‌ട്രേറ്റ് കോടതി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണു ചെയ്തത്. മജിസ്‌ട്രേറ്റിന്റെ അധികാരം കവര്‍ന്നെടുക്കുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തത്. അതിനാല്‍ വിധി റദ്ദാക്കണമെന്ന് അപ്പീലില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. കേസ് ഇന്നോ നാളെയോ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
ഭൂമിയിടപാട് ആരോപണത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. വിധിപ്രകാരം കേസെടുത്തില്ലെന്നു കാട്ടി ഐജി വിജയ് സാക്കറെ, എസിപി ലാല്‍ജി എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പായ്യപ്പള്ളി സമര്‍പ്പിച്ച മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Next Story

RELATED STORIES

Share it