wayanad local

ഹൈക്കോടതി ഇടപെട്ടു

മാനന്തവാടി: അതീവ പാരിസ്ഥിതിക മേഖലയായ തൊണ്ടര്‍നാട് പഞ്ചായത്തിലെ കടയങ്കല്‍ കരിങ്കല്‍ ക്വാറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കേസ് തീര്‍പ്പുകല്‍പ്പിക്കുന്നതു വരെ ക്വാറി തുറക്കാനാവശ്യമായ യാതൊരു ലൈസന്‍സുകളും പുതിക്കി നല്‍കുകയോ പുതുതായി അനുമതി നല്‍കുകയോ ചെയ്യരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചത്.
കോറോം ടൗണിനോടടുത്ത് പ്രവര്‍ത്തിച്ചുവന്ന ക്വാറി മൂന്നു വര്‍ഷം മുമ്പാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ക്വാറി തുറക്കാനുള്ള നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ക്വാറിക്കനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കോറോം സ്വദേശി ഹിഷാം നല്‍കിയ ഹരജി പരിഗണിച്ചാണ് ജഡ്ജ് എ മുഷ്താഖ് അഹ്മദ് ഇടക്കാല ഉത്തരവ് നല്‍കിയത്.
ഒരു മലയുടെ പകുതിയോളം ഖനനത്തിലൂടെ കവര്‍ന്ന തൊണ്ടര്‍നാട് വില്ലേജിലെ 966 നമ്പറില്‍പ്പെട്ട സ്ഥലത്തെ കോറിക്കെതിരേ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തൊണ്ടര്‍നാട് പഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശമാണെന്നും ഇഎഫ്എല്‍ പ്രദേശങ്ങളില്‍ ഖനനം നിരോധിച്ചുകൊണ്ട് ഡബ്ല്യുപി(സി) നമ്പര്‍ 25013/ 2014 13 ഉത്തരവ് നിലവിലുള്ളതും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. കുത്തനെയുള്ള പാറ പൊട്ടിക്കുമ്പോഴുള്ള കമ്പനം കാരണം പരിസരങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2013ല്‍ ക്വാറിക്കെതിരേ നോര്‍ത്ത് വയനാട് ഡിഎഫ്ഒയും ഡിഎംഒയും ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം ദുരന്തത്തിനിടയാക്കുമെന്നും വനവുമായുള്ള നിശ്ചിത ദൂരം ക്വാറിക്കില്ലെന്നും ഡിഎഫ്ഒ നല്‍കിയ റിപോര്‍ട്ടിലുണ്ടായിരുന്നു.
ക്വാറിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ക്വാറി പ്രവര്‍ത്തനം ദുരിതമാവുന്നതായി കാണിച്ചായിരുന്നു ഡിഎംഒ റിപോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it