kannur local

ഹൈക്കോടതി ഇടപെടല്‍: അമ്പലക്കണ്ടിയിലെ പട്ടയമേള മാറ്റി

ഇരിട്ടി: ആറളം ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കണ്ടിയിലെ 261 കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന പട്ടയമേള മാറ്റി. കോടതി ഇടപെടലിനെ തുടര്‍ന്നാണു നടപടി. പതിച്ചുനല്‍കുന്ന സ്ഥലം കനകത്തിടം തറവാടിന്റെ അധീനതയിലുള്ള ദേവസ്വം ഭൂമിയാണെന്നു കാണിച്ച് കനകത്തിടം ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട്് പുറപ്പെടുവിച്ച നോട്ടീസുകള്‍ ഹൈക്കോടതി തടയുകയുണ്ടായി. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പട്ടയമേള നടത്തുന്നത് ഉചിതമല്ലെന്നാണ് അഡീഷനല്‍ അഡ്വക്കേറ്റ് ജനറലില്‍നിന്ന് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ റവന്യൂമന്ത്രി പങ്കെടുക്കാനിരുന്ന പട്ടയമേള മാറ്റിവച്ചത്.
കോടതിയലക്ഷ്യ നടപടികള്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചു. കൂടാതെ, ഇത്തരം സാഹചര്യമുണ്ടാവാന്‍ ഇടയായതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിന് മന്ത്രി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. 261 കുടിയേറ്റ കര്‍ഷകര്‍ക്കും തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് പട്ടയം അനുവദിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. 61 വര്‍ഷം നീണ്ട നിയമപോരട്ടത്തിനൊടുവിലാണ് പ്രദേശവാസികള്‍ക്ക് പട്ടയം അനുവദിക്കാനുള്ള തീരുമാനമുണ്ടായത്. രണ്ടുസെന്റ് മുതല്‍ രണ്ടര ഏക്കര്‍ വരെയുള്ള 261 കുടുംബങ്ങളുടെ കൈവശ ഭൂമിക്കാണ് പട്ടയം അനുവദിക്കാനിരുന്നത്.
അമ്പലക്കണ്ടി ടൗണ്‍ ഉള്‍പ്പെടെ സര്‍വേ നമ്പര്‍ 238ല്‍ ഉള്‍പ്പെട്ട 134 ഏക്കര്‍ കൈവശഭൂമിക്കായിരുന്നു പട്ടയം അനുവദിക്കാന്‍ തീരുമാനിച്ചത്. കനകത്തിടം തറവാടിന്റെ ഉടമസ്ഥതയിലുള്ള ഭൂമി എ കെ കാദര്‍കുട്ടി സാഹിബിന്റെ മധ്യസ്ഥതയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറ്റ കര്‍ഷകര്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തുകയായിരുന്നു. അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രത്തിന്റെ അധീനതയിലുള്ള ദേവസ്വംഭൂമി പതിച്ചുനല്‍കുന്നതിനെതിരേയാണ് കനകത്തിടം ട്രസ്റ്റ് കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമാവകാശം തെളിയിക്കുന്ന രേഖകള്‍ കര്‍ഷകരുടെ കൈവശമില്ലെന്നും ചില റവന്യൂ ജീവനക്കാരുടെ ഒത്താശയോടെ നികുതി സ്വീകരിച്ച് കൃത്രിമരേഖയുണ്ടാക്കിയാണ് പട്ടയം നല്‍കുന്നതെന്നുമായിരുന്നു കനകത്തിടം ട്രസ്റ്റിന്റെ പരാതി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
Next Story

RELATED STORIES

Share it