ഹൈക്കോടതിക്കു കഴിഞ്ഞുപോയത് ചരിത്രത്തില്‍ ഇടംനേടിയ വര്‍ഷം

കൊച്ചി: സംസ്ഥാനത്തെ ഒരു മന്ത്രിയുടെ കസേര തെറിപ്പിച്ചതടക്കമുള്ള സുപ്രധാന വിധി പ്രസ്താവങ്ങളിലൂടെ ശ്രദ്ധേയമായിരുന്നു കേരള ഹൈക്കോടതിയുടെ പോയ വര്‍ഷം. സംസ്ഥാന ഭരണത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസ് 2015ല്‍ ഹൈക്കോടതിയിലും നിറഞ്ഞുനിന്നു.
ബാര്‍ കേസില്‍ ആരോപണ വിധേയനായ കെ എം മാണി തല്‍സ്ഥാനത്തു തുടരണമോയെന്നത് അദ്ദേഹത്തിന്റെ മനസ്സാക്ഷി തീരുമാനി ക്കട്ടെയെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ഏറ്റവും കൂടുതല്‍ തവണ നിയമസഭാ സാമാജികനായിരുന്ന മന്ത്രിക്ക് കസേര ഉപേക്ഷിക്കേണ്ടിവന്നത്. കേസില്‍ ആരോപണ വിധേയനായ കെ എം മാണി നിരപരാധിയാണെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യമായി പ്രസ്താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ്തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്ത് പ്രസക്തിയെന്നും ആരോപണ വിധേയര്‍ ഉന്നതരായതിനാല്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏജന്‍സി കേസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി വിലയിരുത്തിയത് ശ്രദ്ധേയമായിരുന്നു. മന്ത്രി ബാബുവിനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയതും ഹൈക്കോടതി ഉത്തരവിലൂടെയാണ്. സര്‍ക്കാരിന്റെ അബ്കാരി നയം പൂര്‍ണമായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കൂവെന്ന സര്‍ക്കാര്‍ നയമാണ് കോടതി ശരിവച്ചത്. ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് 24 ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. 228 ത്രീ സ്റ്റാര്‍ ബാറുകളും 36 ഫോര്‍സ്റ്റാര്‍ ബാറുകളും എട്ടു ഹെറിറ്റേജ് ബാറുകളും അടച്ചുപൂട്ടേണ്ടിയും വന്നു. ഈ വിധിക്കെതിരേ ബാറുടമകള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും മദ്യനയം പൂര്‍ണമായും ശരിവയ്ക്കുകയാണുണ്ടായത്.
പോയ വര്‍ഷത്തില്‍ വാര്‍ത്താതാരമായ വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കോഴിക്കോട് നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടെ വിവാദങ്ങളുടെ നായകനായ ബിജുരമേശും നിരവധി കേസുകളുമായി ഹൈക്കോടതിയിലെത്തി. ഇതില്‍ പ്രധാനമായിരുന്നു സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ്. ഈ കേസിലെ രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ . ഏറെ ആരോപണങ്ങള്‍ക്കു വിധേയമായതായിരുന്നു സര്‍ക്കാരിന്റെ പഞ്ചായത്ത് വിഭജനം സംബന്ധിച്ച ഉത്തരവ്.
Next Story

RELATED STORIES

Share it