ഹൈക്കോടതികളില്‍ 400ലേറെ ജഡ്ജിമാരുടെ ഒഴിവുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ 24 ഹൈക്കോടതികളിലായി 400ലധികം ജഡ്ജിമാരുടെ ഒഴിവുകളുണ്ടെന്ന് റിപോര്‍ട്ട്. കര്‍ണാടക ഹൈക്കോടതിയില്‍ അഞ്ചു പുതിയ ജഡ്ജിമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് പിറകെ കേന്ദ്ര നിയമമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെബ്രുവരി ഒന്നിന് പുറത്തിറക്കിയ റിപോര്‍ട്ട് പ്രകാരം രാജ്യത്ത് ആകെയുള്ള 1,079 ജഡ്ജിമാരില്‍ 403 തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒരു മാസം മുമ്പ് 397 ഒഴിവുകള്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 403ലേക്ക് ഉയര്‍ന്നത്. 13 ഹൈക്കോടതികളില്‍ നിന്നായി നിലവില്‍ 120 ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും കൊളീജിയത്തിന്റെയും മുന്നിലുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. സുപ്രിംകോടതി കൊളീജിയം അംഗീകരിച്ച 75 പേര്‍ ഉള്‍പ്പെടുന്ന ലിസ്റ്റാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. 40ലധികം ശുപാര്‍ശകള്‍ കൊളീജിയത്തിന്റെ പരിഗണനയിലാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടക ഹൈക്കോടതിയിലേക്കുള്ള നിയമനങ്ങള്‍ക്കു പുറമെ മറ്റിടങ്ങളിലും ഉടന്‍ നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് നിയമമന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെയും കൊളീജിയത്തിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിലവിലെ കണക്കുകള്‍പ്രകാരം അലഹബാദ് ഹൈക്കോടതിയില്‍ 56 ജഡ്ജിമാരുടെ കുറവുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമെ കല്‍ക്കത്ത 39, കര്‍ണാടക 38, പഞ്ചാബ് 35, ആന്ധ്ര-തെലങ്കാന ഹൈക്കോടതിയില്‍ 30 ജഡ്ജിമാരുടെ കുറവുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.രാജ്യത്തെ ജഡ്ജിമാരുടെ നിയമന നടപടികള്‍പ്രകാരം ഹൈക്കോടതി കൊളീജിയങ്ങള്‍ തങ്ങളുടെ ശുപാര്‍ശകള്‍ നിയമമന്ത്രാലയത്തിനു സമര്‍പ്പിക്കും. തുടര്‍ന്ന് ശുപാര്‍ശകളില്‍ ഇന്റലിജന്‍സ് അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം സുപ്രിംകോടതി കൊളീജിയത്തിന് കൈമാറുകയും തുടര്‍ന്ന് സുപ്രിംകോടതി കൊളീജിയം ഇവ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. ശുപാര്‍ശകള്‍ സ്വീകരിക്കാനോ തിരിച്ചയക്കാനോ സര്‍ക്കാരിന് കഴിയും.
Next Story

RELATED STORIES

Share it