ഹൈക്കോടതികളിലെ ജഡ്ജി ക്ഷാമം നേരിടാന്‍ വിരമിച്ച ജഡ്ജിമാരെ താല്‍ക്കാലികമായി നിയമിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ ആവശ്യത്തിന് ജഡ്ജിമാരില്ലാത്ത സാഹചര്യം നേരിടാന്‍ വിരമിച്ച ജഡ്ജിമാരെ താല്‍ക്കാലികമായി വീണ്ടും നിയമിക്കാന്‍ തീരുമാനം. ഹൈക്കോടതികളിലാണ് വിരമിച്ച ജഡ്ജിമാരെ നിയമിക്കുക. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സുപ്രിംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി.
പ്രതിവര്‍ഷം രാജ്യത്ത് അഞ്ച് കോടി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ വെറും രണ്ട് കോടി കേസുകളില്‍ മാത്രമാണ് തീരുമാനമാവുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ തന്റെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ജഡ്ജിമാരുടെ രൂക്ഷമായ ക്ഷാമം കാരണം ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി കൂടി പങ്കെടുത്ത സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ ഹൈക്കോടതികളില്‍ താല്‍ക്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ രാഷ്ട്രപതിയുടെ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് അധികാരമുണ്ട്. ഈ സാധ്യത ഉപയോഗിച്ചാണ് പ്രമേയം പാസാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരമാവധി രണ്ട് വര്‍ഷത്തേക്കായിരിക്കും ഇത്തരം നിയമനങ്ങള്‍.കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസുകളിലായിരിക്കും താല്‍ക്കാലിക ജഡ്ജിമാര്‍ വാദം കേള്‍ക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ ജഡ്ജിമാര്‍ക്ക് വേണമെങ്കില്‍ അവധി കോടതികളിലും അധ്യക്ഷത വഹിക്കാമെന്നും ജസ്റ്റിസ് ഠാക്കൂര്‍ പറഞ്ഞു.
നിലവില്‍ ചീഫ് ജസ്റ്റിസടക്കം 31 ജഡ്ജിമാരാണ് സുപ്രിംകോടതിയില്‍ വേണ്ടത്. എന്നാല്‍, ആറ് തസ്തികകള്‍ ഇനിയും നികത്തേണ്ടതുണ്ട്. രാജ്യത്തെ 24 ഹൈക്കോടതികളില്‍ ആകെ 1056 ജഡ്ജിമാര്‍ വേണ്ടിടത്ത് 458 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ കീഴ്‌ക്കോടതികളില്‍ 20,214 തസ്തികകളുണ്ടായിരിക്കെ ഇതില്‍ 4,580 ജഡ്ജിമാരെ ഇനിയും നിയമിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it