ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍: പേരുകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കേരളമടക്കം രാജ്യത്തെ 10 ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തവരുടെ പേരുകള്‍ സുപ്രിംകോടതി കൊളീജിയം പുറത്തുവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ കൊളീജിയം കഴിഞ്ഞമാസം 11നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ ശുപാര്‍ശചെയ്തത്. കേരളത്തിനു പുറമേ ഡല്‍ഹി, മേഘാലയ, ചത്തീസ്ഗഡ്, കല്‍ക്കട്ട, കര്‍ണാടക, തെലങ്കാന-ആന്ധ്രപ്രദേശ്, ത്രിപുര, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പേരുകള്‍ സുപ്രിംകോടതിയുടെ ഔദ്യോഗിക പേജിലാണ് പ്രസിദ്ധീകരിച്ചത്. കേരള, കല്‍ക്കട്ട ഹൈക്കോടതികളില്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസുമാരെ ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനാണ് ശുപാര്‍ശ. ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരാണ് കേരള, കല്‍ക്കട്ട ഹൈക്കോടതികളില്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസുമാരായി ചുമതലയിലിരിക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ആനന്ദ ബോസിനെയാണ് ഡല്‍ഹി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഛത്തീസ്ഗഡ് ചീഫ്ജസ്റ്റിസ് ടി ബി രാധാകൃഷ്ണനെ തെലങ്കാന-ആന്ധ്രാ ഹൈക്കോടതിയിലേക്കും മേഘാലയ ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെ കര്‍ണാടക ഹൈക്കോടതിയിലേക്കും മാറ്റാന്‍ കൊളീജിയം ശുപാര്‍ശചെയ്യുന്നു. അലഹബാദ് ഹൈക്കോടതിയിലെ എറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് തരുണ്‍ ആഗ്രവാലയെയാണ് മേഘാലയ ചീഫ് ജസ്റ്റിസായി പരിഗണിക്കുന്നത്. ജ. അഭിലാഷ കുമാരി- മണിപ്പൂര്‍, ജ. അജയ് കുമാര്‍ തൃപാഠി-ഛത്തീസ്ഗഡ്്, ജ. സൂര്യകാന്ത്- ഹിമാചല്‍ പ്രദേശ്, ജ. അജയ് രസ്‌തോഗി- തൃപുര എന്നിവരെയാണ് മറ്റു ഹൈക്കോടതികളിലേക്ക് കൊളീജിയം ശുപാര്‍ശചെയ്തത്. ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജ. ഋഷികേശ് റോയിയെ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും കൊളീജിയം നിര്‍ദേശിക്കുന്നു.ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനും സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയുണ്ട്. ശുപാര്‍ശ നടപ്പാക്കപ്പെട്ടാല്‍ സുപ്രിംകോടതിയില്‍ നേരിട്ട് നിയമിക്കപ്പെടുന്ന ആദ്യ വനിതയാവും ഇന്ദു മല്‍ഹോത്ര. കീഴ്‌ക്കോടതികളില്‍ നിന്ന്് സ്ഥാനക്കയറ്റം ലഭിച്ചവരായിരുന്നു ഇതിനു മുമ്പ് സുപ്രിംകോടതിയില്‍ സേവനമനുഷ്ഠിച്ച വനിതാ ജഡ്ജിമാര്‍.
Next Story

RELATED STORIES

Share it