ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി; ശക്തമായ പ്രതിപക്ഷമായി മുന്നോട്ടുപോവും: ചെന്നിത്തല

ന്യൂഡല്‍ഹി: കേരളത്തില്‍ ശക്തമായ പ്രതിപക്ഷമായി മുന്നോട്ടുപോവുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധി, ഷീലാ ദീക്ഷിത്, എ കെ ആന്റണി, അഹ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കും. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോവും.
4, 5 തിയ്യതികളില്‍ ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ പരാജയകാരണം വിശദമായി വിലയിരുത്തും. ചില നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാതിരുന്നതാണു പരാജയകാരണം. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്തപ്പോള്‍ കിട്ടിയ പ്രതിപക്ഷനേതാവ് പദം തികഞ്ഞ വെല്ലുവിളിയാണെന്ന് തനിക്കു ബോധ്യമുണ്ട്. കെ കരുണാകരന്‍ പാര്‍ട്ടിവിട്ടുപോയ കാലത്താണ് താന്‍ കെപിസിസി പ്രസിഡന്റാവുന്നത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ച തന്നോട് പാര്‍ട്ടി തകര്‍ന്നു കിടക്കുകയാണെന്നും പദവി ഏറ്റെടുക്കേണ്ടെന്നും ഉപദേശിച്ചവരുണ്ടായിരുന്നു. അതുപോലുള്ള വെല്ലുവിളിയായാണ് ഇതിനെയും കാണുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കും. നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കും. കോണ്‍ഗ്രസ്സിനെ വീണ്ടും അതിന്റെ വസന്തകാലത്തേക്കു കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it