Flash News

ഹൈകോടതി പരാമര്‍ശം : ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാനര്‍ഹതയില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തല്‍സ്ഥാനത്ത് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ കേസിലെ ഇടപെടല്‍ തന്നെയാണെന്നാണ് കോടതിയുടെ നിരീക്ഷണമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടും അത് ശരിവച്ചുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും ഉമ്മന്‍ചാണ്ടിയും മന്ത്രിസഭാംഗങ്ങളും അദ്ദേഹം കുറ്റക്കാരനല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണുണ്ടായത്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുകയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരികയില്ലെന്നുമുള്ള ആശങ്ക ശരിയായിരിക്കുന്നു എന്നാണ് കോടതി നിരീക്ഷണത്തിലൂടെ വ്യക്തമാകുന്നതെന്നും കോടിയേരി പറഞ്ഞു.
ഉമ്മന്‍ചാണ്ടി അധികാരക്കസേരയില്‍ ഇരിക്കുന്നിടത്തോളം കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരാന്‍ പോകുന്നില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലൂടെ വ്യക്തമാകന്നത്്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it