ഹേമ ഉപാധ്യായ വധം: മോതിരവും വാഹനവും കണ്ടെടുത്തു

മുംബൈ: ചിത്രകാരി ഹേമ ഉപാധ്യായയുടെയും അഭിഭാഷകന്‍ ഹരീഷ് ഭംഭാനിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സംഭവ സമയത്ത് ഹേമ ധരിച്ച മോതിരവും മൃതദേഹങ്ങള്‍ കൊണ്ടുപോവാനുപയോഗിച്ച വാഹനവും പോലിസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരെ ഹാജരാക്കിയപ്പോള്‍ പോലിസ് ബോറിവാലി മജിസ്‌ട്രേറ്റ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ വിജയ് രാജ്ഭര്‍, പ്രദീപ് രാജ്ഭര്‍, ആസാദ് രാജ്ഭര്‍ എന്നിവരുടെ പോലിസ് കസ്റ്റഡി ഡിസംബര്‍ 22 വരെ നീട്ടി.
മൃതദേഹങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ടെമ്പോ, ഭംഭാഹിയുടെ കാര്‍ എന്നിവ കണ്ടെത്തിയെന്നും അത് പരിശോധിച്ചു വരികയാണെന്നും പോലിസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ ശിവകുമാര്‍ രാജ്ഭര്‍ എന്ന സാധുവിനെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
ഹേമയുടെ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ, തങ്ങള്‍ പോലിസിന്റെ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കേസന്വേഷണത്തിനു സഹായകമായ ഞങ്ങള്‍ക്കറിയുന്ന സൂചനകള്‍ പോലിസിന് കൈമാറിയിട്ടുണ്ടെന്നും ഹേമയുടെ ബന്ധു ദീപക് പ്രസാദ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹേമാ ഉപാധ്യായയുടെയും ഭംഭാനിയുടെയും മൃതദേഹങ്ങള്‍ പെട്ടിയില്‍ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it