ഹേമ ഉപാധ്യായ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്

മുംബൈ: ചിത്രകാരി ഹേമ ഉപാധ്യായയുടെയും അവരുടെ അഭിഭാഷകന്‍ ഹരീഷ് ഭംദാനിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസ് മുംബൈ പോലിസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ പുരോഗതി കൈവരിക്കാന്‍ ലോക്കല്‍ പോലിസിന് കഴിയാത്ത സാഹചര്യത്തിലാണിത്.
കഴിഞ്ഞ ഡിസംബര്‍ 12ന് നഗരപ്രാന്തത്തിലെ ഓടയില്‍നിന്നാണ് ഹേമ(44)യുടെയും ഹരീഷി(65)ന്റെയും മൃതദേഹം കണ്ടിവ്‌ലി പോലിസ് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഹേമയുടെ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായ, ആസാദ് രാജ്ഭര്‍, പ്രദീപ് രാജ്ഭര്‍, വിജയ് രാജ്ഭര്‍, ശിവകുമാര്‍ രാജ്ഭര്‍ എന്ന സാധു എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, മുഖ്യപ്രതി വിദ്യാസാഗര്‍ രാജ്ഭറിനെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കെതിരേ കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും തെളിവു നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ പ്രതികള്‍ക്കെതിരേ 2,000 പേജ് വരുന്ന കുറ്റപത്രം കണ്ടിവ്‌ലി പോലിസ് സമര്‍പ്പിച്ചിരുന്നു. ചിന്തനും പ്രതികളും കൈമാറിയ ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ കുറ്റപത്രത്തിലുണ്ട്.
ചിന്തനുമായുള്ള സ്വത്തുതര്‍ക്കവും അയാള്‍ക്കെതിരേ ഹേമ കുടുംബകോടതിയില്‍ ജീവനാംശം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസുമാണ് കൊലപാതകത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്.
ഹേമയെ വധിക്കാന്‍ ചിന്തന്‍ പണം തന്നുവെന്ന് വിദ്യാസാഗര്‍ തന്നോടു പറഞ്ഞുവെന്ന് വിദ്യാസാഗറുടെ അമ്മ പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസുകളില്‍ ഹേമയെ പ്രതിനിധീകരിച്ചതാണ് ഭംദാനിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it